ഏത് ക്യാപ്റ്റനും ആഗ്രഹിക്കും അയാളെ; ചെന്നൈ താരത്തെക്കുറിച്ച് റെയ്ന
ചെന്നൈയുടെ വിജയക്കുതിപ്പില്‍ നിര്‍ണായക സംഭാവന നല്‍കിയ നിരവധി കളിക്കാരുണ്ട്. ഫാഫ് ഡൂപ്ലെസിയും റിതുരാജ് ഗെയ്ക്‌വാദും മൊയീന്‍ അലിയും സാം കറനുമെല്ലാം. എന്നാല്‍ ഇവരെല്ലാവരെക്കാളും ഒരുപടി മുകളിലുള്ളത് രവീന്ദ്ര ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനമാണ്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വപ്നതുല്യമായ കുതിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആധികാരിക ജയവുമായി ചെന്നൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ അഞ്ച് ജയം സ്വന്തമാക്കിയാണ് ചെന്നൈയുടെ മുന്നേറ്റം.
ചെന്നൈയുടെ വിജയക്കുതിപ്പില്‍ നിര്‍ണായക സംഭാവന നല്‍കിയ നിരവധി കളിക്കാരുണ്ട്. ഫാഫ് ഡൂപ്ലെസിയും റിതുരാജ് ഗെയ്ക്‌വാദും മൊയീന്‍ അലിയും സാം കറനുമെല്ലാം. എന്നാല്‍ ഇവരെല്ലാവരെക്കാളും ഒരുപടി മുകളിലുള്ളത് രവീന്ദ്ര ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനമാണ്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിംഗിലും ഒരുപോലെ മികവ് കാട്ടുന്ന ജഡേജയാണ് ചെന്നൈയുടെ തുരുപ്പ് ചീട്ട്. അതുകൊണ്ടുതന്നെ ഏത് ക്യാപ്റ്റനും ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന കളിക്കാരനാണ് ജഡേജയെന്ന് തുറന്നുപറയുകയാണ് സഹതാരം സുരേഷ് റെയ്ന.
ഈ സീസണില്‍ ജഡേജയുടെ പ്രകടനം ആസാമാന്യമാണ്. അയാള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനിലേക്കുള്ള പാതയിലാണ്. ഫീല്‍ഡിംഗില്‍ ജഡേജയുടെ സമീപനം എനിക്കേറെ ഇഷ്ടമാണ്. വളരെ ആസ്വദിച്ചാണ് അദ്ദേഹം ഫീല്‍ഡ് ചെയ്യുന്നത്. ക്യാപ്റ്റന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം. ഒരു പന്തുകൊണ്ടോ ത്രോ കൊണ്ടോ സിക്സ് കൊണ്ടോ കളിയുടെ ഗതി തന്നെ മാറ്റാന്‍ കഴിവുള്ള കളിക്കാരനാണ് അദ്ദേഹം.
സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമല്ലെങ്കില്‍ പോലും ഒരു നിമിഷം കൊണ്ട് അദ്ദേഹത്തിന് കളി മുഴുവന്‍ മാറ്റിമറിക്കാനാവും.അതുതന്നെയാണ് അദ്ദേഹമിപ്പോള്‍ ചെയ്യുന്നത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും മൂന്ന് മേഖലകളിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന അപൂര്‍വം കളിക്കാരിലൊരാളാണ് ജഡേജയെന്നും റെയ്ന സ്റ്റാര സ്പോര്‍ട്സിനോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona