കൊവിഡ് ആശങ്ക; ഐപിഎൽ റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ടീമുകൾ
ബയോ ബബിളിന് ഉള്ളിലുള്ളവർക്ക് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. സ്കാനിംഗിനായി ചിലരെ ബബിളിന് പുറത്തയക്കേണ്ടിവന്നിരുന്നു. ഇവരിലൂടെയാകാം രോഗബാധയുണ്ടായത് എന്നാണ് കൊൽക്കത്ത ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ.
മുംബൈ: കളിക്കാർ ഉൾപ്പടെയുള്ളവർ കൊവിഡ് ബാധിതരായെങ്കിലും ഐപിഎല്ലുമായി മുന്നോട്ടുപോകാനാണ് ടീമുകളുടെ തീരുമാനം. ടീമുകളുടെ സുരക്ഷയ്ക്കായി ബിസിസിഐ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ടീമുകൾ വ്യക്തമാക്കുന്നു. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സീസണിലെ പകുതിയോളം മത്സരങ്ങൾ പൂർത്തിയായതിനാൽ മറ്റൊരു തീരുമാനം ആവശ്യമില്ലെന്നാണ് കൊൽക്കത്തയടക്കമുള്ള ടീമുകളുടെ നിലപാട്.
ബയോ ബബിളിന് ഉള്ളിലുള്ളവർക്ക് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. സ്കാനിംഗിനായി ചിലരെ ബബിളിന് പുറത്തയക്കേണ്ടിവന്നിരുന്നു. ഇവരിലൂടെയാകാം രോഗബാധയുണ്ടായത് എന്നാണ് കൊൽക്കത്ത ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ. അതേസമയം, എല്ലാ ടീമുകളും കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധന നടത്തുന്നുണ്ടെങ്കിലും വിദേശ താരങ്ങൾ കൂടുതൽ ആശങ്കയിലാണ്.
ഓസീസ് താരങ്ങളായ ആദം സാംപ, കെയ്ൻ റിച്ചാർഡ്സൺ, ആൻഡ്രു ടൈ തുടങ്ങിയവർ ഇതിനോടകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. തേസമയം, ബയോ ബബിളിൽ ബിസിസിഐ, ടീമുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്.
ഐ പി എൽ മുഴുവൻ ബയോ ബബിളിന്റെ സുരക്ഷിതത്വത്തിൽ ആണെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ ഇന്നലെയാണ് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തത്. മലയാളി പേസർ സന്ദീപ് വാര്യരും സ്പിന്നർ വരുൺ ചക്രവർത്തിക്കുമായിരുന്നു കൊവിഡ് ബാധ.
കൂടുതൽ താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കിയതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മാറ്റി വയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി ഉൾപ്പടെ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രണ്ടാം പരിശോധനയിൽ ഇവരെല്ലാം നെഗറ്റീവായത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തിരുന്നു.