ഒന്നും നടന്നില്ലെങ്കിൽ പച്ചയ്ക്ക് കൊളുത്തിയിട്ടേ..! ഭീഷണി വിതച്ച് രണ്ട് ടീമുകൾ, പണി പേടിച്ച് വമ്പന്മാര്‍
രാജസ്ഥാൻ റോയല്‍സ് ആദ്യ നാലില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്‍റെ വക്കിലായപ്പോള്‍ ആര്‍സിബിക്ക് ആദ്യ നാലില്‍ എത്താനുള്ള അവസരമാണ് നഷ്ടപ്പെട്ടത്
മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണിലൂടെയാണ് ക്രിക്കറ്റ് ആരാധകര്‍ കടന്ന് പോകുന്നത്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീം ഇപ്പോള്‍ പ്ലേ ഓഫ് കാണുമോയെന്ന സംശയത്തിലാണ്. അതേസമയം, അടിവാരത്ത് നിന്ന ടീമുകള്‍ ഇപ്പോള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തി കൊണ്ടിരിക്കുന്നത്. പ്ലേ ഓഫ് എന്ന സ്വപ്നം ഏറെ കുറെ അകന്നെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും പലര്‍ക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.
കഴിഞ്ഞ മത്സരങ്ങളില്‍ രാജസ്ഥാൻ റോയല്‍സും ആര്‍സിബിയും ഇതിന്‍റെ വിഷമം നേരിട്ട് കഴിഞ്ഞു. രാജസ്ഥാൻ റോയല്‍സ് ആദ്യ നാലില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്‍റെ വക്കിലായപ്പോള്‍ ആര്‍സിബിക്ക് ആദ്യ നാലില്‍ എത്താനുള്ള അവസരമാണ് നഷ്ടപ്പെട്ടത്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, ഗുജറാത്ത് ടൈറ്റൻസ്, ആര്‍സിബി, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകള്‍ക്കാണ് ഇനി സണ്‍റൈസേഴ്സുമായി മത്സരമുള്ളത്. ഇതില്‍ ഗുജറാത്തിനൊഴികെ എല്ലാ ടീമുകള്‍ക്ക് ഈ പോരാട്ടങ്ങള്‍ അതി നിര്‍ണായകമാണ്.
ഡല്‍ഹി ക്യാപിറ്റല്‍സിന് നാല് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. പഞ്ചാബ് കിംഗ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നീ ടീമുകളുമായി രണ്ട് വീതം മത്സരമാണ് ഡല്‍ഹിക്കുള്ളത്. ഇതില്‍ പഞ്ചാബിന്‍റെ വിധിയെഴുത്തുണ്ടാകും. ഐപിഎല്ലില്‍ ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത് വെറുമൊരു ജയമല്ല. ഒറ്റ ജയം കൊണ്ട് പോയന്‍റ് പട്ടികയില്‍ വന്‍ കുതിപ്പാണ് കൊല്‍ക്കത്ത നടത്തിയത്. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത.
എന്നാല്‍ പഞ്ചാബിനെതിരെ അവസാന പന്തില്‍ നേടിയ ആവേശ ജയത്തിലൂടെ എട്ടാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി കൊല്‍ക്കത്ത. ഇനിയുള്ള ഓരോ മത്സരങ്ങളും ഇത്തരത്തില്‍ ഉള്ളതാകും. പോയന്‍റ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനക്കാരായ ഡല്‍ഹിക്കും ഹൈദരാബാദിനുമെല്ലാം ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 16 പോയന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചു എന്ന് പറയാവുന്ന ഒരേയോരു ടീം.