സന്ദീപിന് മാത്രമേ പിഴയുള്ളോ? ഇത് രണ്ട് നീതി! നോ ബോൾ ചിത്രത്തിലെ ഗുരുതര പ്രശ്നം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം
സന്ദീപ് ശര്‍മ്മ അവസാന പന്ത് നോ ബോള്‍ എറിഞ്ഞതോടെ അവിശ്വസനീയമായ ഒരു വിജയമാണ് ഹൈദരാബാദിന് സ്വന്തമായത്.
ജയ്പുര്‍: രാജസ്ഥാൻ റോയല്‍സ് - സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലെ ട്വിസ്റ്റകളുടെ ഷോക്കില്‍ നിന്ന് ആരാധകര്‍ ഇതുവരെ മുക്തി നേടിയിട്ടില്ല. സന്ദീപ് ശര്‍മ്മ അവസാന പന്ത് നോ ബോള്‍ എറിഞ്ഞതോടെ അവിശ്വസനീയമായ ഒരു വിജയമാണ് ഹൈദരാബാദിന് സ്വന്തമായത്. എന്നാല്‍, സന്ദീപ് നോ ബോള്‍ എറിയുന്ന ചിത്രം പങ്കുവെച്ച് വ്യത്യസ്തമായൊരു കാര്യ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ മുരളി കാര്‍ത്തിക്.
ഈ സംഭവത്തില്‍ സന്ദീപ് ശര്‍മ്മ മാത്രമല്ല തെറ്റ് ചെയ്തതെന്നാണ് കാര്‍ത്തിക് ട്വീറ്റ് ചെയ്തത്. അതെ, ബൗളർ ലൈൻ ലംഘിക്കാൻ പാടില്ലാത്തതും ശിക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാൽ സമ്മർദ്ദമുണ്ടെങ്കിലും ഇല്ലെങ്കിലും പന്ത് എറിയുന്നതിന് മുമ്പേ ലൈൻ ക്രോസ് ചെയ്യുന്ന നോൺ സ്‌ട്രൈക്കർമാരുടെ കാര്യമോ എന്നാണ് കാര്‍ത്തിക് ചോദിച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ഒരു പരിഹാരം വേണം.പെനാൽറ്റി റണ്ണുകൾ, ഡോട്ട് ബോൾ അങ്ങനെ എന്തെങ്കിലും വന്നില്ലെങ്കില്‍ ഇത് തുടരുമെന്നും കാര്‍ത്തിക് ട്വീറ്റ് ചെയ്തു.
അതേസമയം, ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ 214 റണ്‍സടിച്ചപ്പോള്‍ തന്നെ നിലവിലെ ഫോം കണക്കിലെടുത്ത് ഹൈദരാബാദിന്‍റെ വമ്പന്‍ തോല്‍വി ആരാധകര്‍ മനസില്‍ കണ്ടു. എന്നാല്‍, അവസാന ഓവറിനെ അവസാന പന്ത് വരെ ആവേശം നീണ്ടു. സന്ദീപ് ശര്‍മ്മയെറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ അബ്ദുള്‍ സമദ് നല്‍കിയ അനായാസ ക്യാച്ച് സ്കൂള്‍ കുട്ടികളെപ്പോലും നാണിപ്പിക്കുന്ന രീതിയില്‍ ഒബേദ് മക്‌കോയ് നിലത്തിട്ടു.
ഹൈദരാബാദ് രണ്ട് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്തില്‍ സമദിന്‍റെ സിക്സ്. ലോംഗ് ഓണില്‍ ജോ റൂട്ട് പരമാവധി ശ്രമിച്ചെങ്കിലും കൈയില്‍ തട്ടി പന്ത് ബൗണ്ടറി കടന്നു. അടുത്ത മൂന്ന് പന്തില്‍ സന്ദീപ് ശര്‍മ വിട്ടുകൊടുത്തത് നാലു റണ്‍സ്. ഇതോടെ ജയത്തിലേക്ക് അവസാന പന്തില്‍ വേണ്ടത് അഞ്ച് റണ്‍സ്. സന്ദീപ് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ സമദിന്‍റെ ഷോട്ട് നേരെ ലോംഗ് ഓഫില്‍ ജോസ് ബട്‌ലറുടെ കൈകളിലേക്ക്.
രാജസ്ഥാന് നാലു റണ്‍സിന്‍റെ നാടകീയ ജയം. വിജയച്ചിരിയുമായി സന്ദീപ് ആകാശത്തേക്ക് വിരലുയര്‍ത്തി നില്‍ക്കെ വെള്ളിടി പോലെ നോ ബോള്‍ സൈറണ്‍ മുഴങ്ങി. അവിശ്വസനീയതോടെ താരങ്ങള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കെ സന്ദീപ് എറിഞ്ഞത് വലിയ നോ ബോളെന്ന് റീപ്ലേകളില്‍ വ്യക്തമായി. റണ്ണോടാതിരുന്നതിനാല്‍ ഹൈദരാബാദിന് ഫ്രീ ഹിറ്റായ അവസാന പന്തില്‍ വേണ്ടത് നാലു റണ്‍സ്. വീണ്ടും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ സന്ദീപിന്‍റെ പന്തിനെ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സിന് പറത്തി സമദ് ഹൈദരാബാദിന് സമ്മാനിച്ചത് അവിസ്മരണീയ വിജയമാണ്.