ട്വിസ്റ്റോടെ ട്വിസ്റ്റ്! അവസാന പന്ത് നോ ബോള്‍, നാണംകെട്ട് തോറ്റ് സഞ്ജുവും കൂട്ടരും; ഹൈദരാബാദിന് ജീവശ്വാസം

രണ്ട് പന്തില്‍ ആറ് റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. അവസാന പന്തില്‍ സമദിന്‍റെ വിക്കറ്റ് വീണെങ്കിലും അത് നോ ബോളായി കലാശിച്ചു. വീണ്ടും എറിഞ്ഞപ്പോള്‍ ബൗണ്ടറി നേട്ടതോടെ സമദ് എസ്ആര്‍എച്ചിന്‍റെ ഹീറോയായി. 

rr vs srh sunrisers hyderabad beat sanju samson lead rajasthan royals in last ball thriler btb

ജയ്പുര്‍: അവസാന ഓവറിലെ അവസാന പന്ത് വരെ ട്വിസ്റ്റുകള്‍ നിറഞ്ഞ പോരില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ ചീട്ടുകീറി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ എസ്ആര്‍എച്ച് നാല് വിക്കറ്റിന്‍റെ കിടിലൻ വിജയമാണ് നേടിയെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‍ലര്‍ (95), നായകൻ സഞ്ജു സാംസണ്‍ (66*) എന്നിവരുടെ കരുത്തിലാണ് റോയല്‍സ് തേരോട്ടം നടത്തിയത്. സണ്‍റൈസേഴ്സ് ബൗളര്‍മാരെ തലങ്ങും വിലങ്ങുമിട്ട് ബട്‍ലര്‍ - സഞ്ജു സഖ്യം അടിച്ചൊതുക്കി. ഇരുവരുടെയും മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് രാജസ്ഥാൻ കുറിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ യാൻസനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. രാജസ്ഥാന്‍റെ അടിക്ക് അഭിഷേക് ശര്‍മ (55), രാഹുല്‍ ത്രിപാഠി (47),  എന്നിവരിലൂടെയാണ് സണ്‍റൈസേഴ്സ് മറുപടി നൽകിയത്. റോയല്‍സിനായി ചഹാല്‍ നാല് വിക്കറ്റുകള്‍ പേരിലാക്കി. 

ബട്‍‍ലര്‍ - സഞ്ജു ഷോ

ടോസ് നേട്ടം പവര്‍ പ്ലേയില്‍ ആഘോഷിച്ചാണ് രാജസ്ഥാൻ റോയല്‍സ് തുടങ്ങിയത്. ജോസ് ബട്‍ലറിനെ ഒരറ്റത്ത് നിര്‍ത്തി യശസ്വി ജയ്സ്വാളാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. ആവേശത്തിൽ മുന്നോട്ട് കുതിക്കുന്നതിനിടെ മാര്‍ക്കോ യാൻസൻ യശസ്വിയെ നടരാജന്‍റെ കൈകളില്‍ എത്തിച്ചു. പിങ്ക് നിറഞ്ഞ ഗാലറിയുടെ ആരവങ്ങള്‍ക്കിടയിലേക്കാണ് രാജസ്ഥാൻ റോയല്‍സിന്‍റെ നായകൻ സഞ്ജു സാംസണ്‍ എത്തിയത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതിനാല്‍ അതീവ ശ്രദ്ധയോടെയാണ് താരം തുടങ്ങിയത്.

പിന്നീട് മായങ്ക് മാര്‍ക്കണ്ഡ‍യെ അടുപ്പിച്ച രണ്ട് സിക്സിന് തൂക്കി സഞ്ജു കളം നിറഞ്ഞു. അതുവരെ രണ്ടാമത്തെ ഗിയറില്‍ പോയിരുന്ന ബട്‍ലര്‍ സഞ്ജുവിന്‍റെ അടി കണ്ടതോടെ ടോപ് ഗിയറിട്ട് കുതിച്ചു. ഇതോടെ താരത്തിന്‍റെ ബാറ്റില്‍ നിന്ന് യഥേഷ്ടം ബൗണ്ടറികള്‍ പ്രവഹിച്ചു. അധികം വൈകാതെ തന്നെ ബട്‍ലര്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ഒരു ഘട്ടത്തില്‍ പോലും സണ്‍റൈസേഴ്സിന് അവസരം കൊടുക്കാതെ ബട്‍ലര്‍ - സഞ്ജു സഖ്യം ആടിത്തിമിര്‍ക്കുകയായിരുന്നു. 61 പന്തില്‍ ഈ കൂട്ടുക്കെട്ട് നൂറ് റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.

സണ്‍റൈസേഴ്സ് ബൗളര്‍മാര്‍, പ്രത്യേകിച്ച് സ്പിന്നര്‍മാരെ കണക്കിന് ശിക്ഷിച്ചാണ് ഇരുവരും മുന്നേറിയത്. അര്‍ധ സെഞ്ചുറി കഴിഞ്ഞതോടെ ബട്‍ലറിന്‍റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു. ഭുവനേശ്വര്‍ കുമാറിന് പോലും ഇതില്‍ നിന്ന് രക്ഷപ്പെടാനായില്ല. സെഞ്ചുറിയിലേക്ക് കുതിച്ച ബട്‍ലറിനെ ഭുവിയുടെ മനോഹരമായ ഒരു പന്ത് കുരുക്കി. 58 പന്തില്‍ 10 ഫോറും നാല് സിക്സും പറത്തിയ താരം 95 റണ്‍സ് ഇതിനകം തന്നെ പേരില്‍ ചേര്‍ത്തിരുന്നു. ആ ഓവറില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെ ഭുവി തന്‍റെ ക്ലാസ് എവിടെയും പോയിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു. അവസാന ഓവറില്‍ നടരാജനെ സിക്സിനും ഫോറിനും പായിച്ച് സഞ്ജു ഹീറോയിസം കാട്ടിയതോടെ രാജസ്ഥാൻ മിന്നും സ്കോറിലേക്ക് എത്തുകയായിരുന്നു. 

എസ്ആര്‍എച്ചിന്‍റെ പോരാട്ടം

ബൗളിംഗില്‍ നിരാശ വന്നെങ്കിലും കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ജയിക്കാനുറച്ച് തന്നെയാണ് സണ്‍റൈസേഴ്സ് ഇറങ്ങിയത്. അതിന്‍റെ മിന്നലാട്ടങ്ങള്‍ ഓപ്പണര്‍മാരായ അൻമോല്‍പ്രീത് സിംഗും അഭിഷേക് ശര്‍മ്മയും പ്രകടിപ്പിക്കുകയും ചെയ്തു. സ്പിന്നര്‍മാരെ വളരെ നേരത്തെ നിയോഗിച്ചാണ് സഞ്ജു ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ഇംപാക്ട് പ്ലെയറായി എത്തിയ അൻമോല്‍പ്രീതിനെ വീഴ്ത്തി യുസ്വേന്ദ്ര ചഹാല്‍ ഈ നീക്കം വിജയമാക്കുകയും ചെയ്തു. 

പിന്നീട് ഒത്തുച്ചേര്‍ന്ന അഭിഷേക് - രാഹുല്‍ ത്രിപാഠി സഖ്യം റണ്‍ റേറ്റില്‍ വൻ ഇടിവിന് അവസരം നല്‍കാതെ മുന്നോട്ട് പോയി. അര്‍ധ സെഞ്ചുറി കുറിച്ചതിന് പിന്നാലെ അഭിഷേകിനെ അശ്വിൻ ചഹാലിന്‍റെ കൈകളില്‍ എത്തിച്ചു. ഹെൻറിച്ച് ക്ലാസൻ (26) ഒന്ന് തുടങ്ങി വച്ച ശേഷം ചഹാലിന് വിക്കറ്റ് നല്‍കി തിരികെ കയറി. നിര്‍ണായക സമയത്ത് ത്രിപാഠിയുടെ ക്യാച്ച് പാഴാക്കി സഞ്ജു സാംസണും നിരാശപ്പെടുത്തി. 

അവസാന മൂന്ന് ഓവറില്‍ 44 റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. സമര്‍ദ്ദം കൂടിയ സാഹചര്യത്തില്‍ ചഹാല്‍ ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ രക്ഷനായപ്പോള്‍ 29 പന്തില്‍ 47 റണ്‍സുമായി ത്രിപാഠിക്ക് മടങ്ങേണ്ടി വന്നു. ഇതേ ഓവറില്‍ എസ്ആര്‍എച്ച് ക്യാപ്റ്റൻ ഏയ്ഡൻ മര്‍ക്രാമിനെയും വിക്കറ്റിന് മുന്നിൽ കുരുക്കി ചഹാല്‍ സഞ്ജുവിന്‍റെ തുറുപ്പ് ചീട്ടായി മാറി. രണ്ടോവറില്‍ 41 റണ്‍സ് വേണമെന്ന നിലയിലേക്ക് ഇതോടെ കാര്യങ്ങള്‍ എത്തി. ട്വിസ്റ്റുകള്‍ അവിടെയും അവസാനിച്ചില്ല. 

കുല്‍ദീപ് യാദവിന്‍റെ അടുത്ത ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സിന് പറത്തി ഗ്ലെൻ ഫിലിപ്സ് ആഘോഷമാക്കി. അടുത്ത പന്ത് ഫോറും കൂടെ പോയതോടെ രാജസ്ഥാൻ പകച്ചെങ്കിലും ഫിലിപ്സിന്‍റെ വിക്കറ്റ് നേടി കുല്‍ദീപ് ആശ്വാസം കണ്ടെത്തി. അവസാന ഓവറില്‍ 17 റണ്‍സാണ് എസ്ആര്‍എച്ചിന് വേണ്ടിയിരുന്നത്. ഒരിക്കല്‍ കൂടെ സന്ദീപ് ശര്‍മ്മയിലേക്ക് രക്ഷാപ്രവര്‍ത്തനമെന്ന ദൗത്യം എത്തിച്ചേര്‍ന്നു. രണ്ടാമത്തെ പന്ത് സിക്സിന് പറത്തി സമദ് ആവേശം കൂട്ടി. ഒടുവില്‍ രണ്ട് പന്തില്‍ ആറ് റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. അവസാന പന്തില്‍ സമദിന്‍റെ വിക്കറ്റ് വീണെങ്കിലും അത് നോ ബോളായി കലാശിച്ചു. വീണ്ടും എറിഞ്ഞപ്പോള്‍ ബൗണ്ടറി നേട്ടതോടെ സമദ് എസ്ആര്‍എച്ചിന്‍റെ ഹീറോയായി. 

പുത്തൻ ഫാഷനോ! ഗ്രൗണ്ടിലെത്താൻ അത്ര തിരക്കോ; പാന്‍റ്സ് തിരിച്ചിട്ടെത്തി സാഹ, സ്വന്തം ടീം പോലും വിട്ടില്ല, ട്രോൾ

Latest Videos
Follow Us:
Download App:
  • android
  • ios