അയാള്‍ക്ക് പകരക്കാരനില്ല; മുംബൈ ഇന്ത്യന്‍സിന്റെ നഷ്ടം വെളിപ്പെടുത്തി രോഹിത് ശര്‍മ

ഇതുവരെ മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ടീമാണ് സിഎസ്‌കെ. കഴിഞ്ഞ തവണ ഫൈനലിലേറ്റ തോല്‍വിക്ക് പകരം വീട്ടേണ്ടതുണ്ട്.

Rohit Sharma talking on main missing of mumbai indians

അബുദാബി: രോഹിത് ശര്‍മയ്ക്ക് കീഴില്‍ അഞ്ചാം ഇന്ത്യന്‍ പ്രീമയിര്‍ ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. അപകടകാരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് മുംബൈയുടെ എതിരാളി. ഇതുവരെ മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ടീമാണ് സിഎസ്‌കെ. കഴിഞ്ഞ തവണ ഫൈനലിലേറ്റ തോല്‍വിക്ക് പകരം വീട്ടേണ്ടതുണ്ട്. അവസാന വര്‍ഷം മുംബൈയെ വിജയത്തിലേക്ക് നയിച്ചത് ശ്രീലങ്കന്‍ താരമായ ലസിത് മലിംഗയായിരുന്നു. 

എന്നാല്‍ ഇത്തവണ മലിംഗ ഐപിഎല്ലില്‍ നിന്ന് പിന്മാറിയത് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. ഇക്കാര്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുറന്നുപറയുകയും ചെയ്തു. ''മുന്‍കാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ മുംബൈയുടെ ഏറ്റവും വലിയ കരുത്ത് മലിംഗ ആയിരുന്നുവെന്ന് ബോധ്യപ്പെടും. ടീമിന്റെ മാച്ച് വിന്നറായിരുന്നു അദ്ദേഹം. അത്തരമൊരു താരത്തിന് പകരകാരനെ കണ്ടെത്തുക എളുപ്പമല്ല. 

അദ്ദേഹത്തിന്റെ പരിചയസമ്പത്താണ് മുംബൈ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ടീം പ്രതിസന്ധിയില്‍ ആയിരുന്നപ്പോഴെല്ലാം അദ്ദേഹം രക്ഷയ്‌ക്കെത്തിയിട്ടുണ്ട്. അവിശ്വസനീയ കാര്യങ്ങളാണ് മലിംഗ് ഇതുവരെ മുംബൈക്ക് വേണ്ടി ചെയ്തിരുന്നത്. ടീമിന് വേണ്ടി മലിംഗ ചെയ്ത കാര്യങ്ങള്‍ താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. അദ്ദേഹം ടീമിലില്ലാത്തത് നിരാശപ്പെടുത്തുന്നുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മലിംഗയുടെ അടുത്തെത്താന്‍ പോലും പലര്‍ക്കും സാധിക്കില്ല.'' രോഹിത് പറഞ്ഞുനിര്‍ത്തി.

അതേസമയം മുംബൈക്ക് വേണ്ടി ഇത്തവണ ഓപ്പണറായി കളിക്കുമെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. 2017, 2018 സീസണുകളില്‍ താരം മൂന്നാമതോ നാലാമതോ ആയിട്ടാണ് കളിച്ചിരുന്നത്. ക്വിന്റണ്‍ ഡി കോക്ക് ആയിരിക്കും രോഹിത്തിനൊപ്പം ഇറങ്ങുക. ക്രിസ് ലിന്‍ മൂന്നാമതായി എത്തിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios