രോഹിത് ഐപിഎല്ലില്‍ വീണ്ടും കളിച്ചേക്കും, ഓസീസ് പര്യടനത്തിലും ടീമിലുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
പരിക്കിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്നെങ്കിലും ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ ഐപിഎല്ലിലെ അവസാന മത്സരങ്ങളിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിലും കളിച്ചേക്കും എന്ന് റിപ്പോര്‍ട്ട്.
മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും രോഹിത് ശര്‍മ്മയെ ഒഴിവാക്കിയത് വിവാദമായിരിക്കുകയാണ്. രോഹിത്തിന്‍റെ ഫിറ്റ്‌നസിനെ കുറിച്ച് ടീം പ്രഖ്യാപനവേളയില്‍ സെലക്‌ടര്‍മാര്‍ സൂചിപ്പിച്ചെങ്കിലും തൊട്ടുപിന്നാലെ രോഹിത് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടു. രോഹിത് തുടര്‍ന്നും ഐപിഎല്ലില്‍ കളിക്കുമോ എന്ന അഭ്യൂഹം പിന്നാലെയുയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത ഹിറ്റ്‌മാന്‍ ആരാധകര്‍ക്ക് ആവേശംപകരുന്നതാണ്.
രോഹിത് ഐപിഎല്‍ സീസണിലെ അവസാന മത്സരങ്ങളിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിലും കളിച്ചേക്കും എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. രോഹിത്തിന്‍റെ പരിക്ക് ഗുരുതരമാണ് എന്ന് ബിസിസിഐയോ മുംബൈ ഇന്ത്യന്‍സോ വ്യക്തമാക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രോഹിത്തിന്‍റെ ഫിറ്റ്‌നസ് തുടര്‍ന്നും നിരീക്ഷിക്കും എന്നാണ് ടീം പ്രഖ്യാപന വേളയില്‍ സെലക്ടര്‍മാര്‍ അറിയിച്ചത്. അതേസമയം താരത്തിന്‍റെ പരിക്കിനെ കുറിച്ച് പരിശീലന വീഡിയോയല്ലാതെ പുതിയ വിവരങ്ങളൊന്നും മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടിട്ടില്ല.
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തിലാണ് രോഹിത്തിന്‍റെ ഇടത്തേ കാല്‍ മസിലിന് പരിക്കേറ്റത്. തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരവും താരത്തിന് നഷ്‌ടമായി. രോഹിത് ശര്‍മ്മ പരിശീലനം പുനരാരംഭിച്ച വീഡിയോ മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പുറത്തുവിട്ടത് ആരാധകര്‍ക്ക് ആശ്വാസം പകരുന്ന കാര്യമാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി കാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരങ്ങള്‍.
Powered by