സിംഗിൾ ഓടാതിരുന്നതിൽ വിഷമമില്ല; അന്ന് സഞ്ജുവിനുവേണ്ടി വിക്കറ്റ് കളയാനും തയാറായിരുന്നു: മോറിസ്
ഞാൻ തിരിച്ച് ഓടാനും സഞ്ജുവിനുവേണ്ടി വിക്കറ്റ് കളയാനും തയാറായിരുന്നു. കാരണം, അന്ന് സഞ്ജു സ്വപ്ന ഫോമിലായിരുന്നു. മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്നു.
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ നായകനായ സഞ്ജു സാംസൺ സിംഗിൾ നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിച്ച് രാജസ്ഥാൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ അവസാന രണ്ട് പന്തിൽ അഞ്ച് റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അഞ്ചാം പന്ത് ബൗണ്ടറി ലൈനിലേക്ക് പായിച്ച സഞ്ജു പക്ഷെ സിംഗിൾ ഓടിയില്ല.
ക്രിസ് മോറിസ് സ്ട്രൈക്കർ എൻഡിലേക്ക് ഓടിയെത്തിയെങ്കിലും സിംഗിൾ ഓടാൻ സംഞ്ജു തയാറായില്ല. ഇതോടെ അവസാന പന്തിൽ രാജസ്ഥാൻ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നായി. അവസാന പന്തിൽ തകർപ്പൻ ഷോട്ട് കളിച്ചെങ്കിലും സഞ്ജു ബൗണ്ടറിയിൽ ക്യാച്ച് നൽകി പുറത്തായി. ഇതോടെ രാജസ്ഥാൻ നാലു റൺസിന് തോറ്റു.
എന്നാൽ അന്ന് സഞ്ജു സിംഗിൾ ഓടാതിരുന്നതിൽ വിഷമമില്ലെന്നും അന്ന് സഞ്ജുവിനുവേണ്ടി വിക്കറ്റ് കളയാൻ തയാറായിരുന്നുവെന്നും ക്രിസ് മോറിസ് ഡൽഹിക്കെതിരായ മത്സരശേഷം പറഞ്ഞു. ഞാൻ തിരിച്ച് ഓടാനും സഞ്ജുവിനുവേണ്ടി വിക്കറ്റ് കളയാനും തയാറായിരുന്നു. കാരണം, അന്ന് സഞ്ജു സ്വപ്ന ഫോമിലായിരുന്നു. മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്നു. പക്ഷെ അവസാന പന്തിൽ സഞ്ജു സിക്സ് അടിച്ചിരുന്നുവെങ്കിൽ തനിക്ക് കൂടുതൽ സന്തോഷമായേനെയെന്നും ക്രിസ് മോറിസ് പറഞ്ഞു.
പക്ഷെ പഞ്ചാബിനെതിരെ തോറ്റെങ്കിലും അവരുടെ സ്കോറിന് തൊട്ടടുത്ത് എത്താൻ ഞങ്ങൾക്കായി. അത് ഞങ്ങൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഏത് ഘട്ടത്തിലും വിജയത്തിനായി ബാറ്റ് വീശാൻ ഞങ്ങൾക്കാവുമെന്ന് ആ മത്സരത്തിൽ നിന്ന് ബോധ്യമായി. അത് ഞങ്ങളിൽ ഒരുപാട് ആത്മവിശ്വാസം നൽകി. ഡൽഹിക്കെതിരായ വിജയത്തിലും ആ അത്മവിശ്വാസം വലിയ ഘടകമായെന്നും ക്രിസ് മോറിസ് വ്യക്തമാക്കി.
ഐപിഎല്ലിൽ ഏറ്റവും വില കൂടിയ താരമായ ക്രിസ് മോറിസ് 18 പന്തിൽ 36 റൺസെടുത്താണ് ഡൽഹിക്കെതിരെ രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്.