'ട്രെയിൻ പോലെ തുടങ്ങി, പക്ഷേ... സ്വന്തം നേട്ടത്തിന് വേണ്ടി കളിച്ചു'; കോലിക്കെതിരെ കടുത്ത വിമർശനവുമായി മുൻ താരം
പവർ പ്ലേ കഴിഞ്ഞതോടെ കോലി പതുങ്ങി. 25 പന്തിൽ 42 റൺസ് എന്ന നിലയിലായിരുന്ന കോലി അടുത്ത 19 പന്തിൽ 19 റൺസ് മാത്രമാണ് എടുത്തത്.
ബംഗളൂരു: ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെ ആർസിബി താരം വിരാട് കോലിക്കെതിരെ വിമർശനം ഉയർത്തി മുൻ കിവീസ് താരവും കമന്റേറ്ററുമായ സൈമൺ ഡൗൽ. മിന്നുന്ന തുടക്കത്തിന് ശേഷമുള്ള കോലിയുടെ മെല്ലെപ്പോക്കിനെയാണ് ഡൗൽ വിമർശിച്ചത്. കോലി ഒരു ട്രെയിൻ പോലെയാണ് തുടങ്ങിയത്. എന്നാൽ, 42 റൺസിൽ നിന്ന് 50ലേക്ക് എത്താൻ പത്ത് പന്തുകളാണ് എടുത്തത്. ഇങ്ങനെ ഒരു ഗെയിം ഒരിക്കലും അനുവദിക്കാനാവില്ല.
ആവശ്യത്തിന് വിക്കറ്റുകൾ കൈവശമുള്ള കളിയുടെ അത്തരമൊരു ഘട്ടത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോകണമായിരുന്നുവെന്നും ഡൗൽ കൂട്ടിച്ചേർത്തു. ലഖ്നൗവിനെതിരെ നായകൻ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേർന്ന് മികച്ച തുടക്കമാണ് ആർസിബിക്ക് നൽകിയത്. പവർ പ്ലേയിൽ ടീം 56 റൺസ് അടിച്ചിരുന്നു. വിരാട് കോലി ടോപ് ഗിയറിൽ പോയപ്പോൾ ഡുപ്ലസിസ് പിന്തുണ നൽകുകയായിരുന്നു ആദ്യ ഘട്ടത്തിൽ. എന്നാൽ, പവർ പ്ലേ കഴിഞ്ഞതോടെ കോലി പതുങ്ങി. 25 പന്തിൽ 42 റൺസ് എന്ന നിലയിലായിരുന്ന കോലി അടുത്ത 19 പന്തിൽ 19 റൺസ് മാത്രമാണ് എടുത്തത്.
പവർ പ്ലേ അവസാനിച്ച ശേഷം 14 ഓവർ വരെ നോക്കുമ്പോൾ 48 റൺസ് മാത്രമാണ് ആർസിബി എടുത്തിരുന്നത്. തോൽവിക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, പാകിസ്ഥാന്റെ ബാബർ അസമിനെതിരെയും സൈമൺ ഡൗൽ സമാന വിമർശനം ഉന്നയിച്ചിട്ടുണ്ട്. ടീമിന്റെ ആവശ്യം പരിഗണിക്കാതെ സെഞ്ചുറിക്ക് വേണ്ടി കളിക്കുന്നുവെന്നായിരുന്നു അന്നത്തെ വിമർശനം.
അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു.