ഇത്തവണ ലക്ഷ്യം കിരീടം മാത്രം; ആര്‍സിബി ആത്മവിശ്വാസത്തിലാണ്
ഒരിക്കല്‍ പോലും കിരീടം നേടിയിട്ടില്ലാത്ത ആര്‍സിബി ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ഏഴ് കളിയില്‍ പത്ത് പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനക്കാരായാണ് മത്സരങ്ങള്‍ പുനരാരംഭിക്കുക.
ദുബായ്: ഐപിഎല്ലിന്റെ രണ്ടാംപാദം തുടങ്ങാനിരിക്കെ ഏതൊരു സീസണിലുമില്ലാത്ത ആത്മവിശ്വാസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുണ്ട്. ഒരിക്കല്‍ പോലും കിരീടം നേടിയിട്ടില്ലാത്ത ആര്‍സിബി ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ഏഴ് കളിയില്‍ പത്ത് പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനക്കാരായാണ് മത്സരങ്ങള്‍ പുനരാരംഭിക്കുക.
പ്രതിഭാ ധാരാളിത്തം, ആരാധക പിന്തുണ എല്ലാമുണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്, ഐപിഎല്‍ കിരീടമൊഴികെ. ആശ്വസിക്കാനുള്ള മൂന്ന് വട്ടം ഫൈനലില്‍ എത്തിയത് മാത്രം. ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് പ്രതീക്ഷ. വിരാട് കോലി, എ ബി ഡിവിലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുള്ളപ്പോള്‍ റണ്‍സ് ആര്‍സിബിക്ക് പ്രശ്‌നമല്ല.
മുഹമ്മദ് സിറാജ്, നവ്ദീപ് സയ്‌നി, യുസ്‌വേന്ദ്ര ചഹല്‍ തുടങ്ങിയവരുള്ള ബൗളിംഗ് നിരയിലാണ് ആശങ്ക. മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിയുമാണ് ടീമിലെ മലയാളി താരങ്ങള്‍. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആഡം സാംപ, ഡാനിയേല്‍ സാംസ്, ഫിന്‍ അലന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ പലകാരണങ്ങളാല്‍ ടീം വിട്ടു.
ജോര്‍ജ് ഗാര്‍ട്ടണ്‍, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ടിം ഡേവിഡ്, ആകാശ് ദീപ് എന്നിവര്‍ പകരമെത്തി. മാറ്റങ്ങള്‍ ഗുണം ചെയ്യുമെന്ന് ആര്‍ സി ബിയെക്കാള്‍ ഐപിഎല്‍ കിരീടം അനിവാര്യമായ ക്യാപ്റ്റന്‍ കോലി. തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സന് എതിരെയാണ് ബാംഗ്ലൂരിന്റെ ആദ്യമത്സരം.