പ്രീതി സിന്‍റയുടെ ഒമ്പത് വര്‍ഷത്തെ സ്വപ്നമാണ്; ആകെ കുഴഞ്ഞ് മറിഞ്ഞ പോയിന്‍റ് പട്ടിക! പഞ്ചാബ് വീഴാം അല്ലേൽ വാഴാം
മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമായി നില്‍ക്കുന്നുണ്ടെങ്കിലും എല്‍എസ്‍ജിക്കും രാജസ്ഥാൻ റോയല്‍സിനും എപ്പോള്‍ വേണെങ്കിലും സ്ഥാനം നഷ്ടമാകുമെന്ന അവസ്ഥയാണ്. ഇരു ടീമുകളും 11 മത്സരങ്ങള്‍ വീതം കളിച്ചു കഴിഞ്ഞു.
മൊഹാലി: നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷം ഐപിഎല്ലില്‍ വലിയൊരു നേട്ടം സ്വപ്നം കണ്ട് പഞ്ചാബ് കിംഗ്സ്. നിലവില്‍ ഏഴാം സ്ഥാനത്താണ് പഞ്ചാബ് ഉള്ളത്. എന്നാല്‍, ഇന്ന് കൊല്‍ക്കത്തയ്ക്ക് എതിരെ ജയിച്ചാല്‍ ടീമിന് ആദ്യ നാലിലേക്ക് കടക്കാൻ സാധിക്കും. മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമായി നില്‍ക്കുന്നുണ്ടെങ്കിലും എല്‍എസ്‍ജിക്കും രാജസ്ഥാൻ റോയല്‍സിനും എപ്പോള്‍ വേണെങ്കിലും സ്ഥാനം നഷ്ടമാകുമെന്ന അവസ്ഥയാണ്.
ഇരു ടീമുകളും 11 മത്സരങ്ങള്‍ വീതം കളിച്ചു കഴിഞ്ഞു. ഒരു മത്സരം കുറച്ച് കളിച്ചിട്ടും അതേ പോയിന്‍റുകളുള്ള ആര്‍സിബി, മുംബൈ, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്ക് അടുത്ത മത്സരങ്ങളില്‍ വിജയം നേടിയാല്‍ കുതിക്കാൻ ഇതോടെ അവസരമുണ്ട്. ഐപിഎല്ലില്‍ അത്ര മികച്ച ചരിത്രമൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത ടീമാണ് പഞ്ചാബ്. കിംഗ്സ് ഇലവൻ പഞ്ചാബ് ആയിരുന്നപ്പോഴും പിന്നീട് പഞ്ചാബ് കിംഗ്സ് ആയപ്പോഴുമെല്ലാം സ്ഥിരം പോയിന്‍റ് പട്ടികയിലെ മധ്യഭാഗത്തായി ഒതുക്കപ്പെടാനായിരുന്നു ടീമിന്‍റെ വിധി.
ഇതുവരെ രണ്ട് വട്ടമാണ് ഗ്രൂപ്പ് ഘട്ടം കടന്ന് പഞ്ചാബ് കുതിച്ചത്. ആദ്യം കന്നി സീസണില്‍ സെമി ഫൈനലില്‍ കടക്കാൻ യുവരാജ് സിംഗിന്‍റെ നേതൃത്വത്തിലുള്ള കിംഗ്സ് ഇലവന് സാധിച്ചു. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നില്‍ തോല്‍വി സമ്മതിച്ച് പുറത്തായി. പിന്നീട് 2014ല്‍ ആണ് ഗ്രൂപ്പ് കടമ്പ ഒന്ന് താണ്ടിയത്. അന്ന് ഫൈനല്‍ വരെ എത്തിയെങ്കിലും കൊല്‍ക്കത്തൻ വീര്യത്തെ മടികടക്കാൻ സാധിച്ചില്ല.
ജോര്‍ജ് ബെയ്‍ലി ആയിരുന്നു അന്ന് ക്യാപ്റ്റൻ. ഇപ്പോള്‍ വീണ്ടുമൊരു തവണ കൂടെ പ്ലേ ഓഫിലേക്ക് കടക്കാനുള്ള സ്വപ്നങ്ങളാണ് ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംഗ്സ് കാണുന്നത്. 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയമാണ് പഞ്ചാബ് ഇതുവരെ നേടിയത്. കൊല്‍ക്കത്തയ്ക്ക് എതിരെയുള്ള പോരാട്ടം കഴിഞ്ഞാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് (രണ്ട് മത്സരങ്ങള്‍), രാജസ്ഥാൻ റോയല്‍സ് എന്നിവരുമായാണ് ടീമിന് കോര്‍ക്കാനുള്ളത്.