ഇംപാക്ട് പ്ലേയര്‍, പഞ്ചാബിനും കൊല്‍ക്കത്തക്കും പിണഞ്ഞത് ഭീമാബദ്ധം
മത്സരത്തിലെ ടോസ് കഴിഞ്ഞ് അന്തിമ ഇലവനും പ്രഖ്യാപിച്ചശേഷം കൊല്‍ക്കത്തയും പഞ്ചാബും അഞ്ച് കളിക്കാരെ വീതമാണ് ഇംപാക്ട് പ്ലേയേഴ്സായി തെരഞ്ഞെടുത്തത്.
മൊഹാലി: ഐപിഎല്ലില്‍ പതിനാറാം സീസണ്‍ മുതല്‍ നടപ്പാക്കിയ പരിഷ്കാരമാണ് ഇംപാക്ട് പ്ലേയര്‍ നിയമം. കളിക്കുന്ന രണ്ട് ടീമുകള്‍ക്കും ടോസിനുശേഷം നാല് കളിക്കാരെ വീതം ഇംപാക്ട് പ്ലേയേഴ്സായി നാമനിര്‍ദേശം ചെയ്യാം എന്നതാണ് നിയമം. ഇതില്‍ നിന്ന് ഒരു കളിക്കാരനെ മത്സരത്തിന്‍റെ ഏത് ഘട്ടത്തിലും പ്ലേയിംഗ് ഇലവനിലെ ഏത് കളിക്കാരനും പകരമായി ഗ്രൗണ്ടിലിറക്കാന്‍ കഴിയും. ഇങ്ങനെ ഇറങ്ങുന്ന കളിക്കാരന് ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അവകാശമുണ്ട്.
എന്നാല്‍ ഒരു ടീമില്‍ അന്തിമ ഇലവനില്‍ അനുവദിച്ചിട്ടുള്ള പരമാവധി നാല് വിദേശ താരങ്ങളെയും ഇറക്കിയിട്ടുണ്ടെങ്കില്‍ വിദേശ താരത്തെ ഇത്തരത്തില്‍ ഇംപാക്ട് പ്ലേയറായി നാമനിര്‍ദേശം ചെയ്യാനാവില്ലെന്നാണ് നിയമം. മൂന്ന് വിദേശ കളിക്കാരെ പ്ലേയിംഗ് ഇളവനില്‍ ഉള്ളൂവെങ്കില്‍ മാത്രമെ ഒരു വിദേശതാരത്തെ ഇംപാക്ട് പ്ലേയറായി നാമനിര്‍ദേശം ചെയ്യാനാവു. പുതിയ പരിഷ്കാരമായതിനാല്‍ ഇതിനെക്കുറിച്ച് ടീമുകള്‍ക്കുള്ള ആശയക്കുഴപ്പം വ്യക്തമാക്കുന്നതായിരുന്നു പഞ്ചാബ് കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം.
മത്സരത്തിലെ ടോസ് കഴിഞ്ഞ് അന്തിമ ഇലവനും പ്രഖ്യാപിച്ചശേഷം കൊല്‍ക്കത്തയും പഞ്ചാബും അഞ്ച് കളിക്കാരെ വീതമാണ് ഇംപാക്ട് പ്ലേയേഴ്സായി തെരഞ്ഞെടുത്തത്. പ്ലേയിംഗ് ഇലവനില്‍ നാല് വിദേശ താരങ്ങളുണ്ടായിട്ടും ഇംപാക്ട് പ്ലേയേഴ്സിന്‍റെ പട്ടികയിലും ഒരോ വിദേശതാരങ്ങള്‍ ഉണ്ടായിരുന്നു. കൊല്‍ക്കത്ത സുയാഷ്, ഭൈഭവ് അറോറ, എന്‍ ജഗദീശന്‍, വെങ്കടേഷ് അയ്യര്‍,. ഡേവീഡ് വീസ് എന്നിവരെയാണ് ഇംപാക്ട് പ്ലേയേഴ്സായി തെരഞ്ഞെടുത്തത്. പഞ്ചാബ് ആകട്ടെ റിഷി ധവാന്‍, അഥര്‍വ, ഹര്‍പ്രീത് ഭാട്ടിയ, മൊഹിത് റാതി എന്നിവര്‍ക്കൊപ്പം വിദേശ താരമായ മാത്യു ഷോര്‍ട്ടിനെ ഇംപാക്ട് പ്ലേയേഴ്സ് പട്ടികയില്‍ ഉള്‍പ്പെടുത്തി.
കൊല്‍ക്കത്തയുടെ ഇലവനില്‍ വിദേശതാരങ്ങളായി റഹ്മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്നും ആന്ദ്രെ റസലും ടിം സൗത്തിയും കളിക്കുന്നതിനാല്‍ വീസിനെ ഇംപാക്ട് പ്ലേയറായി ഉള്‍പ്പെടുത്താന്‍ കഴിയില്ല. അതുപോലെ പഞ്ചാബ് കിംഗ്സില്‍ വിദേശ ക്വാട്ടയില്‍ ഭാനുക രാജപക്സെയും സിക്കന്ദര്‍ റാസയും സാം കറനും നേഥന്‍ എല്ലിസും പ്ലേയിംഗ് ഇലവനില് കളിക്കുന്നതിനാല്‍ മാത്യു ഷോര്‍ട്ടിനെ ഇംപാക്ട് പ്ലേയറാക്കാനാവില്ല. ഐപിഎല്‍ പുതിയ പരിഷ്കാരമനുസരിച്ച് വിദേശ താരത്തിന് പകരം വിദേശതാരത്തെ ഇറക്കാനാവില്ല. വിദേശ താരത്തിന് പകരം ഇറക്കുന്ന കളിക്കാരന്‍ ഇന്ത്യന്‍ താരമായിരിക്കണം. ഇന്നലെ ചെന്നൈക്കെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് കെയ്ന്‍ വില്യംസണ് പകരം സായ് സുദര്‍ശനെ ആണ് ഇംപാക്ട് പ്ലേയറായി ഗ്രൗണ്ടിലിറക്കിയത്.