മറ്റൊരു അവസാന ഓവര്‍ ത്രില്ലര്‍! ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര ന്യൂസിലന്‍ഡിന്- വീഡിയോ
സംഭവബഹുലമായ അവസാന ഓവറിന് ശേഷമാണ് ന്യൂസിലന്‍ഡ് വിജയം സ്വന്തമാക്കിയത്. അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 10 റണ്‍സ്. ക്രീസില്‍ മാര്‍ക്ക് ചാപ്മാനും ഡാരില്‍ മിച്ചലും.
ക്വീന്‍സ്ടൗണ്‍: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. 48 പന്തില്‍ 73 റണ്‍സെടുത്ത കുശാന്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ 19.5 ഓവറില്‍ ന്യൂസിലന്‍ഡ് ലക്ഷ്യം മറികടന്നു. 48 പന്തില്‍ 88 റണ്‍സെടുത്ത ടീം സീഫെര്‍ട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
സംഭവബഹുലമായ അവസാന ഓവറിന് ശേഷമാണ് ന്യൂസിലന്‍ഡ് വിജയം സ്വന്തമാക്കിയത്. അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 10 റണ്‍സ്. ക്രീസില്‍ മാര്‍ക്ക് ചാപ്മാനും ഡാരില്‍ മിച്ചലും. ലാഹിരു കുമാരയുടെ ആദ്യ പന്തില്‍ തന്നെ ചാപ്മാന്‍ സിക്‌സ് നേടി. എന്നാല്‍ അടുത്ത പന്തില്‍ ചാപ്മാന്‍ (16) പുറത്ത്. മൂന്നാം പന്തില്‍ പന്തൊന്നും നേരിടാതെ തന്നെ ജെയിംസ് നീഷം (0) റണ്ണൗട്ടായി. എന്നാല്‍ ആ പന്ത് വൈഡായിരുന്നു. നാലാം പന്തില്‍ മിച്ചലും (15) റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. അടുത്ത പന്തില്‍ ലെഗ് ബൈയിലൂടെ ഒരു റണ്‍ ലഭിച്ചു. അടുത്ത പന്തില്‍ രണ്ട് റണ്‍ ഓടിയെടുത്ത് രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിന് വിജയം സമ്മാനിച്ചു.
നേരത്തെ, ടീമിനെ വിജയത്തിനടുത്ത് എത്തിച്ച ശേഷമാണ് സീഫെര്‍ട്ട് മടങ്ങിയത്. മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സീഫെര്‍ട്ടിന്റെ ഇന്നിംഗ്‌സ്. ടോം ലാഥം 23 പന്തില്‍ 31 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചാഡ് ബൗസിന്റെ (17) വിക്കറ്റും ന്യൂസിലന്‍ഡിന് നഷ്ടമായി. രവീന്ദ്രയ്‌ക്കൊപ്പം (2), ആഡം മില്‍നെ (0) പുറത്താവാതെ നിന്നു. ലാഹിരു മൂന്ന് വിക്കറ്റെടുത്തു. മഹീഷ് തീക്ഷണ, പ്രമോദ് മധുഷന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ, മെന്‍ഡിസിന് പുറമെ കുശാല്‍ പെരേരയും (33) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പതും നിസ്സങ്ക (25), ധനഞ്ജയ ഡിസില്‍വ (20), ദസുന്‍ ഷനക (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. വാനിന്ദു ഹസരങ്ക (0), തീക്ഷ്ണ (0) പുറത്താവാതെ നിന്നു. ബെന്‍ ലിസ്റ്റര്‍ ന്യൂസിനല്‍ഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.