ഐപിഎല്‍ പൂരത്തിന് ഇന്ന് അബുദാബിയില്‍ കൊടിയേറ്റം; തുടക്കം മുംബൈ- ചെന്നൈ ക്ലാസിക്കോടെ

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഐപിഎല്‍. കഴിഞ്ഞ ആഗസ്റ്റ് 15ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

New venues different situations and IPL Starts today

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം. ഷെയ്ഖ് സയീദ് സ്റ്റേഡിത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഐപിഎല്‍. കഴിഞ്ഞ ആഗസ്റ്റ് 15ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നാല് തവണ ഐപിഎല്‍ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയ്ക്ക് കീഴില്‍ അഞ്ചാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

നേര്‍ക്കുനേര്‍

30 തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 18 തവണയും ജയം മുംബൈ ഇന്ത്യന്‍സിനായിരുന്നു. കഴിഞ്ഞ സീസണില്‍ നാല് തവണ മുംബൈയെ നേരിട്ടപ്പോള്‍ ഒരിക്കല്‍പോലും ചെന്നൈയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ യുഎഇയില്‍ മികച്ച റെക്കോഡല്ല മുംബൈ ഇന്ത്യന്‍സുള്ളത്. 

ബാറ്റിങ് കരുത്ത്

പരിചയസമ്പന്നരായ താരങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കരുത്ത്. ധോണി, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ ഇങ്ങനെ നീളുന്നു നിര. എന്നാല്‍ സുരേഷ് റെയ്‌നയുടെ അഭാവം ടീമിന് തിരിച്ചടിയാവും. 

മുംബൈ ഇന്ത്യന്‍സ് ഒട്ടും പിറകലില്ല. ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, ക്രിസ് ലിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയ വന്‍നിര തന്നെ മുംബൈക്ക് കൂടെയുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ എന്നീ ഓള്‍റൗണ്ടര്‍ വേറെയും.

സ്പിന്നര്‍മാര്‍ നിര്‍ണായകമാവും

യുഎഇയിലെ സ്ലോ പിച്ചില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാവും. ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍ എന്നിവരാണ് മുംബൈ നിരയിലെ സ്പിന്നര്‍മാര്‍. മറുവശത്ത് രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍, പിയൂഷ് ചൗള എന്നിവരാണ് പ്രധാന സ്പിന്നര്‍മാര്‍. താഹിറും ജഡേജയും ആദ്യ ഇലവനില്‍ കളിച്ചേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios