കലിപ്പ് തന്നെ! കോലി പുറത്തായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നവീൻ ഉള്‍ ഹഖ്; പ്രതികരണവുമായി ആരാധകരും
ലഖ്നൗവും ആര്‍സിബിയും തമ്മിലുള്ള മത്സരത്തിനിടെയാണ് നവീനുമായി കോലി ഉരസുന്നത്. ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ എത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി ഇതുപോലെയാണ് നീ എനിക്ക് എന്ന് പറഞ്ഞുവെന്നാണ് വീഡിയോകള്‍ കണ്ട് ആരാധകര്‍ പറയുന്നത്
മുംബൈ: വാംഖഡെയില്‍ മുംബൈ ഇന്ത്യൻസിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നവീൻ ഉള്‍ ഹഖ്. മത്സരം കാണുന്നതിനെ സൂചിപ്പിക്കുന്ന ചിത്രത്തില്‍ മധുരമുള്ള മാമ്പഴങ്ങള്‍ എന്നും കുറിച്ചിട്ടുണ്ട്. എന്തായാലും ആരാധകര്‍ ചോദ്യങ്ങളുമായി പിന്നാലെ തന്നെ എത്തി. ഇതുവരെ കോലിയുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചില്ലേ എന്നാണ് ആരാധകര്‍ നവീനോട് ചോദിക്കുന്നത്.
ലഖ്നൗവും ആര്‍സിബിയും തമ്മിലുള്ള മത്സരത്തിനിടെയാണ് നവീനുമായി കോലി ഉരസുന്നത്. ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ എത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി ഇതുപോലെയാണ് നീ എനിക്ക് എന്ന് പറഞ്ഞുവെന്നാണ് വീഡിയോകള്‍ കണ്ട് ആരാധകര്‍ പറയുന്നത്. കോലി നടന്നടുക്കുന്നതും കാലിലെ ഷൂവിനടിയില്‍ നിന്ന് പുല്ല് എടുത്ത് കാണിച്ച് എന്തോ പറയുന്നതും വീഡിയോയില്‍ കാണാം.
അമ്പയറും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന അമിത് മിശ്രയും കോലിയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് അമിത് മിശ്രയുമായും കോലി കൊമ്പു കോര്‍ത്തിരുന്നു. മത്സരശേഷം കളിക്കാര്‍ തമ്മില്‍ ഹസ്തദാനം നടത്തുമ്പോള്‍ നവീനിന് കൈ കൊടുത്തശേഷവും കോലി എന്തോ പറയുകയും നവീന്‍ അതിന് അതേ രീതിയില്‍ മറുപടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കിയത്.
പിന്നീട് ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീറുമായും കോലി ഉടക്കി. നവീനുമായുള്ള ഹസ്തദാനത്തിനുശേഷം മടങ്ങുകയായിരുന്ന കോലിയുടെ അടുത്തെത്തി ലഖ്നൗ താരം കെയ്ല്‍ മയേഴ്സ് സംസാരിക്കുമ്പോള്‍ ഗംഭീറെത്തി മയേഴ്സിനെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുശേഷം രാഹുലും കോലിയും തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ സമീപത്തുകൂടെ പോയ നവീനിനെ രാഹുല്‍ അടുത്തേക്ക് വിളിച്ചെങ്കിലും നവീന്‍ വരാന്‍ കൂട്ടാക്കിയില്ല. അതേസമയം, മുംബൈക്കെതിരെയുള്ള മത്സരത്തില്‍ നാല് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്താണ് കോലി പുറത്തായത്.