വാംഖഡെയില്‍ ഷോ കാണിക്കാന്‍ മുംബൈ ഇന്ത്യന്‍സുണ്ട്! ആര്‍സിബിയെ തരിപ്പണമാക്കി രോഹിത്തും സംഘവും ആദ്യ നാലില്‍
അത്ര നല്ലതായിരുന്നില്ല മുംബൈയുടെ തുടക്കം. പവര്‍പ്ലേയ്ക്ക് മുമ്പ് അവര്‍ക്ക് ഇഷാന്‍ കിഷന്‍ (42), രോഹിത് ശര്‍മ (7) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരും മടങ്ങുമ്പോള്‍ 52 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റിന്റെ കൂറ്റന്‍ ജയം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ 200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ മുംബൈ 16.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 35 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. നെഹല്‍ വധേര (52) നിര്‍ണായക പിന്തുണ നല്‍കി. ആര്‍സിബിയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ (33 പന്തില്‍ 68), ഫാഫ് ഡു പ്ലെസിസ് (41 പന്തില്‍ 65) എന്നിവരുടെ ഇന്നിംഗ്‌സ് ആര്‍സിബിയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. വാലറ്റത്ത് ദിനേശ് കാര്‍ത്തികിന്റെ (18 പന്തില്‍ 30) ഇന്നിംഗ്‌സും ആര്‍സിബിക്ക് തുണയായി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ മൂന്നാമതെത്തി. 11 മത്സരങ്ങളില്‍ 12 പോയിന്റാണ് രോഹിത്തിനും സംഘത്തിനും. ആര്‍സിബി ഏഴാം സ്ഥാനത്തേക്ക് വീണു.
അത്ര നല്ലതായിരുന്നില്ല മുംബൈയുടെ തുടക്കം. പവര്‍പ്ലേയ്ക്ക് മുമ്പ് അവര്‍ക്ക് ഇഷാന്‍ കിഷന്‍ (42), രോഹിത് ശര്‍മ (7) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരും മടങ്ങുമ്പോള്‍ 52 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. മികച്ച തുടക്കം നല്‍കാനായെന്നുള്ളത് ആശ്വാസമായി. 21 പന്തുകള്‍ നേരിട്ട ഇഷാന്‍ നാല് വീതം സിക്‌സും ഫോറും നേടി. രോഹിത്തിന് എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. നാലാം വിക്കറ്റില്‍ സൂര്യ- വധേര സഖ്യം 140 റണ്‍സ് കൂട്ടിചേര്‍ത്തതോടെ മുംബൈ വിജയത്തിനടുത്തെത്തി. ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. വിജയ്കുമാറിന്റെ പന്തിലാണ് സൂര്യമടങ്ങുന്നത്. അടുത്ത പന്തില്‍ ടിം ഡേവിഡിനെ (0) വിജയ് കുമാര്‍ മടക്കിയെങ്കിലും വധേര- കാമറൂണ്‍ ഗ്രീന്‍ (2) സഖ്യം വിജയത്തിലേക്ക് നയിച്ചു. 34 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വധേരയുടെ ഇന്നിംഗ്‌സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (1), അനുജ് റാവത്ത് (16) എന്നിവരെ പവര്‍പ്ലേയില്‍ തന്നെ നഷ്ടമായി. കോലിയെ ബെഹ്രന്‍ഡോര്‍ഫ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ അനുജും പുറത്തായി. കാമറൂണ്‍ ഗ്രീനിന് ക്യാച്ച്. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ആര്‍സിബി. പിന്നീട് ഫാഫ്- മാക്‌സി സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും 120 റണ്‍സ് കൂട്ടിചേര്‍ത്തു. 13-ാം ഓവറില്‍ മാക്‌സ്‌വെല്ലിനെ ബെഹ്രന്‍ഡോര്‍ഫ് പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. അടുത്തടുത്ത ഓവറുകളില്‍ മഹിപാല്‍ ലോംറോര്‍ (1), ഫാഫ് എന്നിവരും മടങ്ങി. പിന്നീട് ക്രീസിലെത്തിയ കാര്‍ത്തികാണ് സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. കേദാര്‍ ജാദവ് (), വാനിന്ദു ഹസരങ്ക () പുറത്താവാതെ നിന്നു. കാമറൂണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഓരോ മാറ്റം വരുത്തി. ക്രിസ് ജോര്‍ദാന്‍ മുംബൈ ജേഴ്‌സിയില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമായ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരമാണ് ജോര്‍ദാനെത്തിയത്. ആര്‍സിബിയും ഒരു മാറ്റം വരുത്തി. കരണ്‍ ശര്‍മയ്ക്ക് പകരം വൈശാഖ് ടീമിലെത്തി.
മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹര്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.