കൊവിഡ് മുക്തരായ ധോണിയുടെ മാതാപിതാക്കള്‍ ആശുപത്രി വിട്ടു
മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും ധോണി ഐപിഎല്ലില്‍ തുടര്‍ന്നിരുന്നു. ചെന്നൈ ടീം മാനേജ്മെന്‍റ് ധോണിക്ക് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനുമായ എം എസ് ധോണിയുടെ മാതാപിതാക്കള്‍ കൊവിഡ് മുക്തരായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഈ മാസം 20ന് റാഞ്ചിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ധോണിയുടെ അമ്മ ദേവകി ദേവിയും അച്ഛന്‍ പാന്‍ സിംഗുമാണ് പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും ധോണി ഐപിഎല്ലില്‍ തുടര്‍ന്നിരുന്നു. ചെന്നൈ ടീം മാനേജ്മെന്‍റ് ധോണിക്ക് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ആര്‍ അശ്വിന്‍ നേരത്തെ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയിരുന്നു.
ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കള്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ട സന്തോഷവാര്‍ത്ത ധോണിയെ തേടിയെത്തിയത്. സീസണില്‍ ചെന്നൈ ആറ് കളികളില്‍ അഞ്ചും ജയിച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona