ധോണിയുടെ മടക്കം ടീം അംഗങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിയശേഷം മാത്രം
ഇന്ത്യയാണ് ആതിഥേയരെന്നതിനാൽ വിദേശ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ആദ്യ പരിഗണന നൽകണമെന്നും ധോണി ആവശ്യപ്പെട്ടിരുന്നു.
ചെന്നൈ: ഐപിഎൽ റദ്ദാക്കിയതിനെത്തുടർന്ന് ചെന്നൈ ടീമിന്റെ ഭാഗമായ എല്ലാവരും അവരവരുടെ വീട്ടിലേക്ക് സുരക്ഷിതരായി മടങ്ങിയശേഷം ഏറ്റവും ഒടുവിൽ മാത്രമെ താൻ റാഞ്ചിയിലേക്ക് പോകൂവെന്ന് ധോണി ചെന്നൈ ടീം മാനേജ്മെന്റിനെ അറിയിച്ചതായി സൂചന. ധോണി റാഞ്ചിയിലേക്ക് മടങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടീം അംഗങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിയശേഷം ഏറ്റവും ഒടുവിൽ മാത്രമെ താൻ റാഞ്ചിയിലേക്ക് തിരിക്കുൂവെന്ന് ധോണി നിലപാടെടുക്കുകയായിരുന്നു.
ടീമിലെ വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും സുരക്ഷിതരായി മടങ്ങിയെന്ന് ആദ്യം ഉറപ്പുവരുത്തണമെന്ന് ടീം മാനേജ്മെന്റിനോട് ധോണി ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയാണ് ആതിഥേയരെന്നതിനാൽ വിദേശ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ആദ്യ പരിഗണന നൽകണമെന്നും ധോണി ആവശ്യപ്പെട്ടിരുന്നു.
ഐപിഎല്ലിനിടെ ചെന്നൈ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്ന ലക്ഷിപതി ബാലാജിക്കും ടീം സിഇഒ കാശി വിശ്വനാഥനും ടീം ബസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ടീമിന്റെ ബാറ്റിംഗ് പരിശീലകനായ മാക് ഹസിക്കും കോവിഡ് സ്ഥിരീകരിച്ചു. ടീമിലെ വിദേശതാരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങിയപ്പോൾ മൈക് ഹസിയെയും ബാലാജിയെയും ഡൽഹിയിൽ നിന്ന് എയർ ആംബുലൻസിൽ ചെന്നൈ ടീം ഇന്ന് ചെന്നൈയിലെത്തിച്ചിരുന്നു.