ഐപിഎല്‍ 2021: ഇന്ത്യക്കൊപ്പം അവന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു; യുവതാരത്തെ പുകഴ്ത്തി മോര്‍ഗന്‍

കൊല്‍ക്കത്തയുടെ ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തിയെ (Varun Chakravarthy) പ്രകീര്‍ത്തിച്ചിരിക്കുകയാണ് മോര്‍ഗന്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കില്‍ പോലും 22 റണ്‍സ് മാത്രമാണ് വരുണ്‍ വിട്ടുകൊടുത്തത്.

Morgan big praise for India and Kolkata Knight Riders youngster

അബുദാബി: ഏറെ സന്തോഷത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ഓയിന്‍ മോര്‍ഗന്‍ (Eion Morgan). ഇടവേളയ്ക്ക് ശേഷമുള്ള രണ്ട് ഐപിഎല്‍ (IPL 2021) മത്സരങ്ങളിലും കൊല്‍ക്കത്തയ്ക്ക് ജയിക്കാനായി. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയും (Royal Challengers Bangalore) ഇന്നലെ മുംബൈ ഇന്ത്യന്‍സിനേയും (Mumbai Indians) തോല്‍പ്പിക്കാന്‍ അവര്‍ക്കായി. എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. തിരിച്ചുവരവില്‍ മോര്‍ഗന് വലിയ പങ്കുണ്ട്. 

ഇപ്പോള്‍ കൊല്‍ക്കത്തയുടെ ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തിയെ (Varun Chakravarthy) പ്രകീര്‍ത്തിച്ചിരിക്കുകയാണ് മോര്‍ഗന്‍. ഇന്നലെ മുംബൈക്കെതിരെ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കില്‍ പോലും 22 റണ്‍സ് മാത്രമാണ് വരുണ്‍ വിട്ടുകൊടുത്തത്. ഇന്ത്യക്ക് വേണ്ടി മൂന്ന് തവണ കളിച്ചിട്ടുള്ള വരുണ്‍ ടി20 ലോകകപ്പിനുള്ള ടീമിലും ഇടം നേടി. ഭാവിയുള്ള ബൗളറാണ് വരുണെന്നാണ് മോര്‍ഗന്‍ പറയുന്നത്. 

ഇന്ത്യക്ക് വേണ്ടിയും അദ്ദേഹത്തിന് മികച്ച പ്രകടനം കഴിയുമെന്ന് മോര്‍ഗന്‍ ഉറച്ച് വിശ്വസിക്കുന്നു. മോര്‍ഗന്റെ വാക്കുകള്‍... ''സുനില്‍ നരെയ്‌നും (Sunil Narine) വരുണും കൊല്‍ക്കത്തയുടെ നട്ടെല്ലാണ്. നരെയ്ന്‍ ഒരുപാട് കാലമായി കൊല്‍ക്കത്തയ്ക്ക് ഒപ്പമുണ്ട്. വരുണ്‍ പുതിയ താരവും. എനിക്കുറപ്പുണ്ട് വരുണ്‍ ഒരുപാട് കാലം ഇന്ത്യക്ക് വേണ്ടി കളിക്കും. 

ഇന്ത്യന്‍ ടീമിനൊപ്പം മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. അവന്‍ ഗെയ്മിനെ കുറിച്ച് പഠിക്കുന്നു. മത്സരത്തിന് മുമ്പ് ഒരുപാട് ചോദ്യങ്ങള്‍ അവന്‍ ചോദിക്കാറുണ്ട്. കാര്യങ്ങളെല്ലാം അവന്‍ പെട്ടന്ന് പഠിക്കുന്നുണ്ട്. ക്രിക്കറ്റിനെ വരുണ്‍ അത്രത്തോളം ഇഷ്ടപ്പെടുന്നു. രണ്ടാംഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിന്റെ ഫലവും ഒരുപാട് സന്തോഷം നല്‍കുന്നു.'' മോര്‍ഗന്‍ മത്സരശേഷം വ്യക്തമാക്കി.

ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. 15.1 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios