കൂടുതൽ കളിക്കാർക്ക് കൊവിഡ്; ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചു
ഐപിഎൽ ടീമുകളിൽ കൊവിഡ് ആശങ്ക പടരുന്നതിനിടെ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ സ്റ്റേഡിയങ്ങളിൽ മാത്രമായി നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു.
മുംബൈ: കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ മത്സരങ്ങൾ താൽക്കാലികമായി റദ്ദാക്കുകയാണെന്ന് ബിസിസിഐ. ഇന്ന് മുംബൈ ഇന്ത്യൻസുമായി കളിക്കേണ്ടിയിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ അടിയന്തിരമായി തീരുമാനമെടുത്തത്.
ഐപിഎൽ ടീമുകളിൽ കൊവിഡ് ആശങ്ക പടരുന്നതിനിടെ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ സ്റ്റേഡിയങ്ങളിൽ മാത്രമായി നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാൽ ഇന്ന് കൂടുതൽ താരങ്ങൾ കൊവിഡ് ബാധിതരായതോടെ ടൂർണമെന്റ് തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ അടിയന്തിര യോഗം ചേർന്ന് തിരുമാനിക്കുകയായിരുന്നു.
എന്നാൽ സീസൺ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും ശേഷിക്കുന്ന മത്സരങ്ങൾ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മത്സരങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കുകയാണെന്നും രാജീവ് ശുക്ല വ്യക്തമാക്കി.
ടൂർണമെന്റിൽ പങ്കെടുത്ത കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും ഐപിഎല്ലിന്റെ ഭാഗമായ മറ്റുള്ളവരെയും സുരക്ഷിതരായി വീടുകളിൽ എത്തിക്കുമെന്നും ഐപിഎല്ലിന്റെ ഭാഗമായ എല്ലാവരുടെയും സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നും അതിനാലാണ് ടൂർണമെന്റ് അടിയന്തിരമായി നിർത്തിവെക്കുന്നതെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോൾ ജനങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും സന്തോഷം നൽകാനായാണ് ടൂർണമെന്റുമായി മുന്നോട്ട് പോയതെന്നും എന്നാൽ ഈ പ്രതിസന്ധി കാലത്ത് എല്ലാവരും അവരുടെ കുടുംബത്തോടൊപ്പം ഉണ്ടാവേണ്ടതിന്റെ പ്രധാന്യം മനസിലാക്കുന്നുവെന്നും ബിസിസിഐ വ്യക്തമാക്കി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ബാംഗ്ലൂർ-കൊൽക്കത്ത മത്സരം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ ചെന്നൈ ടീമിന്റെ ബൗളിംഗ് പരിശീലകനായ ലക്ഷിപതി ബാലാജിക്കും സിഇഒ കാശി വിശ്വനാഥനും ടീം ബസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചത്.
കൊൽക്കത്ത താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് താരങ്ങളോട് ക്വാറന്റീനിൽ പോവാൻ ബിസിസിഐ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയുമായാണ് കൊൽക്കത്ത ഐപിഎല്ലിൽ അവസാന മത്സരം കളിച്ചത്. കൊവിഡ് ഭീതിയെത്തുടർന്ന് അഞ്ച് വിദേശ താരങ്ങൾ നേരത്തെ ടീം വിട്ടിരുന്നു. ടൂർണമെന്റിൽ തുടരണോ അതോ പിൻവാങ്ങണോ എന്ന കാര്യം കളിക്കാർക്ക് തീരുമാനിക്കാമെന്ന് ദക്ഷിണാഫ്രിക്കയുടെയും ഇംഗ്ലണ്ടിന്റെയും ക്രിക്കറ്റ് ബോർഡുകൾ നേരരത്തെ വ്യക്തമാക്കിയിരുന്നു.