പ്രതീക്ഷ കെട്ട് സണ്‍റൈസേഴ്‌സ്; പൊരുതാനുറച്ച് നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും
കടലാസിലെ കരുത്ത് കളിയിലേക്ക് പകര്‍ത്താന്‍ കഴിയാതിരുന്ന ടീമാണ് മുന്‍ ചാന്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് കളിയില്‍ അഞ്ചിലും തോറ്റു.
ദുബായ്: നാളെ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളാണ് അവസാന മൂന്ന് സ്ഥാനങ്ങളില്‍. രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ഒഴികെയുള്ള ടീമുകള്‍ പ്ലേ ഓഫ് പ്രതീക്ഷ കൈവിട്ടിട്ടില്ല.
എട്ട് കളിയില്‍ അഞ്ചിലും തോറ്റ് പഞ്ചാബ് കിംഗ്‌സ്. രണ്ടാംഘട്ടത്തിന് ഇറങ്ങുന്നത് ആറാം സ്ഥാനക്കാരായി. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍ എന്നിവരിലൊരാളെങ്കിലും ക്രീസിലുറച്ചാല്‍ സുരക്ഷിത സ്‌കോര്‍ ഉറപ്പ്. നിക്കോളാസ് പുരാനും ദീപക് ഹൂഡയും ഷാരൂഖ് ഖാനും ആദ്യഘട്ടത്തിലെ മോശം ഫോം മറികടക്കുമെന്ന വിശ്വാസത്തിലാണ് കോച്ച് അനില്‍ കുംബ്ലെ. മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയുമാണ് ബൗളിംഗ് പ്രതീക്ഷ. ഡേവിഡ് മലാന്‍, റിലേയ് മെറിഡിത്ത്, ജയ് റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്ക് പകരം എയ്ഡന്‍ മര്‍ക്രാം, നേഥന്‍ എല്ലിസ്, ആദില്‍ റഷീദ് എന്നിവര്‍ പഞ്ചാബ് നിരയിലെത്തി.
കടലാസിലെ കരുത്ത് കളിയിലേക്ക് പകര്‍ത്താന്‍ കഴിയാതിരുന്ന ടീമാണ് മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് കളിയില്‍ അഞ്ചിലും തോറ്റു. തിരിച്ചടിയായത് പതറിയ തുടക്കവും മധ്യനിരയുടെ തകര്‍ച്ചയും. നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ആന്ദേ റസല്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ബാറ്റുവീശിയില്ല. ഭേദപ്പെട്ട് കളിച്ചത് ശുഭ്മാന്‍ ഗില്ലും നായകന്‍ ഓയിന്‍ മോര്‍ഗനും മാത്രം. ടീം വിട്ട പാറ്റ് കമ്മിന്‍സ് പകരം എത്തിയിരിക്കുന്നത് കിവീസ് പേസര്‍ ടിം സൗത്തീ. സുനില്‍ നരൈന്‍ വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ജോഡിക്കൊപ്പം പുതിയ പന്തെറിയാന്‍ പ്രസിദ്ധ് കൃഷ്ണയും ശിവം മാവിയും ലോക്കി ഫെര്‍ഗ്യൂസണുമുണ്ട്.
തൊട്ടതെല്ലാം പിഴച്ച സണ്‍റൈസേഴ്‌സിന് പ്ലേ ഓഫ് പ്രതീക്ഷ നഷ്ടമായിക്കഴിഞ്ഞു. ഏഴ് കളിയില്‍ ആറിലും തോറ്റു. തുടര്‍ തോല്‍വിക്കൊപ്പം ബാറ്റിംഗിലും മങ്ങിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ക്ക് നായകസ്ഥാനം നഷ്ടമായി. മനീഷ് പാണ്ഡേ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ടി നടരാജന്‍, കേദാര്‍ ജാദവ്, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍ തുടങ്ങിയവരൊക്കെ ഉണ്ടായിട്ടും ജയിക്കാനായത് ഒറ്റക്കളിയില്‍. കെയ്ന്‍ വില്യംസന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഹൈദരാബാദിന് ജോണി ബെയ്ര്‍സ്റ്റോയുടെ അഭാവവും തിരിച്ചടിയാവും.