ഇടിവെട്ടേറ്റവനെ പാമ്പ് കൂടി കടിച്ചാലോ..! ഗതികേടിന്‍റെ ഹിമാലയത്തിൽ മുംബൈ ഇന്ത്യൻസ്, കോടികൾ പോയ പോക്കേ...
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇത്തവണ മുംബൈ ബൗളിംഗ് ആക്രമണത്തെ ആര്‍ച്ചര്‍ നയിക്കുമെന്നാണ് ടീം കരുതിയിരുന്നത്. എന്നാല്‍, വെറും അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ആര്‍ച്ചറിന്‍റെ സേവനം മുംബൈക്ക് ലഭിച്ചത്
മുംബൈ: പരിക്കുമൂലം സീസണ്‍ മുഴുവന്‍ കളിക്കാനാവില്ലെന്ന് അറിഞ്ഞിട്ടും എട്ടു കോടി മുടക്കി ഒരു താരത്തെ ടീമിലെത്തിക്കുക. എന്നിട്ട് അയാളുടെ വരവിനായി ഒരു വര്‍ഷത്തോളം കാത്തിരിക്കുക. തുടര്‍ന്ന് പ്രതീക്ഷകളെ വാനോളമുയര്‍ത്തി താരമെത്തിയപ്പോള്‍ പഴയ പ്രൗഡിയുടെ നിഴല്‍ മാത്രമായി മാറുക. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി പ്രശംസിക്കപ്പെടുന്ന മുംബൈക്ക് ഇങ്ങനെ ഒരു അക്കിടി പറ്റിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പറഞ്ഞു വരുന്നത് ജോഫ്രാ ആര്‍ച്ചറിനെ കുറിച്ചാണ്.
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇത്തവണ മുംബൈ ബൗളിംഗ് ആക്രമണത്തെ ആര്‍ച്ചര്‍ നയിക്കുമെന്നാണ് ടീം കരുതിയിരുന്നത്. എന്നാല്‍, വെറും അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ആര്‍ച്ചറിന്‍റെ സേവനം മുംബൈക്ക് ലഭിച്ചത്. 120 പന്തുകള്‍ എറിഞ്ഞ താരത്തിന് നേടാനായത് രണ്ട് വിക്കറ്റുകളാണ്. എക്കോണമിയാകട്ടെ 9.50 ആണ്. കൈമുട്ടിന് പരിക്കേറ്റ ജോഫ്ര ആർച്ചര്‍ ഒരു വർഷത്തിലേറെയായി കളത്തിന് പുറത്തായിരുന്നു. ഇതിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ പഴയ മൂര്‍ച്ച പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.
ഒരു സീസണ്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടും മെഗാ ലേലത്തില്‍ ഒരുപാട് പ്രതീക്ഷകളോടെയാണ് ആര്‍ച്ചറെ മുംബൈ ടീമില്‍ എത്തിച്ചത്. ഐപിഎല്ലിനിടെ മുംബൈ ടീം ക്യാമ്പില്‍ നിന്ന് ബെല്‍ജിയത്തിലേക്ക് പോയ ആര്‍ച്ചര്‍ തിരികെ വരും മുമ്പ് അവിടെയൊരു മെഡിക്കല്‍ പ്രോസീജ്യറിന് വിധേയനായെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ആര്‍ച്ചര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. മുംബൈ ടീമിന്‍റെ ക്യാമ്പില്‍ ക്രിസ് ജോര്‍ദാൻ എത്തിയ ചിത്രങ്ങള്‍ വളരെ മുമ്പേ പുറത്ത് വന്നതാണ്. എന്നാല്‍, ആര്‍ക്ക് പകരമാണെന്നുള്ള സംശയങ്ങള്‍ക്കാണ് ഇന്ന് മറുപടി ലഭിച്ചത്.
ആര്‍ച്ചര്‍ ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കാതെ മടങ്ങിയതോടെ താരത്തിന് എത്ര തുക മുംബൈ കൊടുക്കേണ്ടി വരുമെന്നത് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഐപിഎല്‍ വ്യവസ്ഥകള്‍ പ്രകാരം ഒരു താരത്തിന് ടൂര്‍ണമെന്‍റിനിടെ പരിക്കേല്‍ക്കുകയാണെങ്കില്‍ മെഡിക്കല്‍ ചെലവുകള്‍ വഹിക്കുന്നതിന് പുറമെ പൂര്‍ണമായ പ്രതിഫലവും നല്‍കേണ്ടി വരും.
ടൂർണമെന്‍റിന്‍റെ മധ്യത്തിൽ ഒരു കളിക്കാരൻ ദേശീയ ടീമിനായി കളിക്കാൻ പോയാൽ ലഭ്യമായിരുന്ന മത്സരങ്ങൾക്ക് മാത്രമേ പ്രതിഫലം ലഭിക്കൂ. വൈകി ടീമിനൊപ്പം ചേരുന്നവര്‍ക്കും ഇത് ബാധകമാണ്. ടൂർണമെന്റിന്റെ മുഴുവൻ സമയത്തും ലഭ്യമായിരിക്കുകയും ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാതിരിക്കുകയും ചെയ്താലും മുഴുവൻ പ്രതിഫലവും ലഭിക്കും. ആര്‍ച്ചറിന്‍റെ കാര്യത്തില്‍ മുംബൈ ഇന്ത്യൻസിന്‍റെ നിലപാട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.