കൊല്‍ക്കത്തയുടെ കളി കാണുന്നതിലും വലിയ ബോറടിയില്ലെന്ന് സെവാഗ്

ടിവിയിലോ ഒടിടിയിലോ മൊബൈലിലോ സിനിമ കാണുമ്പോള്‍ ബോറടിപ്പിക്കുന്ന രംഗങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിക്കാറുണ്ട്. ഈ സീസണില്‍ കൊല്‍ക്കത്തയുടെ കളി കാണുമ്പോഴും എനിക്ക് ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിക്കാനാണ് തോന്നുന്നത്

IPL2021 When KKR are playing, it will get boring for me says Virender Sehwag

ദില്ലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. നാലു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് കൊല്‍ക്കത്തയിപ്പോള്‍. നായകനായ ഓയിന്‍ മോര്‍ഗനും വമ്പനടിക്കാരായ ആന്ദ്രെ റസലിനുമൊന്നും തിളങ്ങാനാവാത്തതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയായത്.

സീസണില്‍ നിരാശാജനകമായ പ്രകടനം തുടരുന്നതിനിടെ കൊല്‍ക്കത്തയുടെ കളി കാണുന്നത് തന്നെ വലിയ ബോറടിയാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഓരോ മത്സരത്തിലും ഒരേ പിഴവ് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന കൊല്‍ക്കത്തയുടെ കളികള്‍ ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിച്ചേ കാണാനാകുവെന്നും സെവാഗ് ക്രിക്ക് ബസിനോട് പറഞ്ഞു.

കൊല്‍ക്കത്തയുടെ കാര്യത്തില്‍ എനിക്ക് അതൃപ്തിയുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ ഓപ്പണറായി ഇറങ്ങുന്ന നിതീഷ് റാണ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അവര്‍ അതേ പിഴവ് തന്നെ ആവര്‍ത്തിക്കുന്നു. അവരാഗ്രഹിക്കുന്ന തുടക്കം അവര്‍ക്ക് ലഭിക്കുന്നേയില്ല. ശുഭ്മാന്‍ ഗില്ലാകട്ടെ മികച്ച ഫോമിലുമല്ല. ഡല്‍ഹിക്കെതിരെ ഗില്‍ 40 റണ്‍സെടുത്തെങ്കിലും ഒരുപാട് പന്തുകള്‍ പാഴാക്കിയശേഷമായിരുന്നു അത്.

കൂടെ ബാറ്റ് ചെയ്യുന്ന കളിക്കാരനെങ്കിലും ആക്രമിച്ചു കളിച്ച് റണ്‍നിരക്ക് ഉയര്‍ത്തിയിരുന്നെങ്കില്‍ ഗില്ലിന്‍റെ ബാറ്റിംഗ് വലിയ കുഴപ്പമില്ലായിരുന്നു. ഇത്രയൊക്കെ പരാജയപ്പെട്ടിട്ടും ബാറ്റിംഗ് ഓര്‍ഡറില്‍ അവരൊരു മാറ്റവും വരുത്തുന്നില്ല എന്നത് ഒട്ടും ദഹിക്കുന്ന കാര്യമല്ല. ടിവിയിലോ ഒടിടിയിലോ മൊബൈലിലോ സിനിമ കാണുമ്പോള്‍ ബോറടിപ്പിക്കുന്ന രംഗങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിക്കാറുണ്ട്. ഈ സീസണില്‍ കൊല്‍ക്കത്തയുടെ കളി കാണുമ്പോഴും എനിക്ക് ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിക്കാനാണ് തോന്നുന്നത്-സെവാഗ് പറഞ്ഞു.

കളിക്കാരെ പിന്തുണക്കുകയാണെന്ന വാദമാണ് ടീം മാനേജ്മെന്‍റ് മുന്നോട്ടുവെക്കുന്നതെങ്കില്‍ ആയിക്കോളു, പക്ഷെ അത് ടീമിനെ ജയിപ്പിക്കാന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാവണം എന്നേ പറയാനുള്ളു. അല്ലാതെ ഒരെ തെറ്റുകള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടാവരുത്. അതുകൊണ്ടാണ് ഇത്തവണ കൊല്‍ക്കത്ത ബോറടിപ്പിക്കുന്ന ടീമായി മാറിയതെന്നും സെവാഗ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios