ജീവന്‍മരണപ്പോരില്‍ ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കി ഹൈദരാബാദ്
ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും ബാംഗ്ലൂരിനെ പിന്തുടര്‍ന്നു. ആദ്യ ഓവറുകളില്‍ സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും വരിഞ്ഞു കെട്ടിയപ്പോള്‍ ബാംഗ്ലൂര്‍ റണ്‍ വരള്‍ച്ചയിലായി.
ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 121 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന്‍റെ മുന്‍നിര തകര്‍ന്നപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനെ ബാംഗ്ലൂരിന് കഴിഞ്ഞുള്ളു. 32റണ്‍സെടുത്ത ഓപ്പണര്‍ ജോഷെ ഫിലിപ്പാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തലയരിഞ്ഞ് സന്ദീപ്
ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും ബാംഗ്ലൂരിനെ പിന്തുടര്‍ന്നു. ആദ്യ ഓവറുകളില്‍ സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും വരിഞ്ഞു കെട്ടിയപ്പോള്‍ ബാംഗ്ലൂര്‍ റണ്‍ വരള്‍ച്ചയിലായി. റണ്‍സില്ലാത്തതിന്‍റെ സമ്മര്‍ദ്ദത്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച പടിക്കലിനെ(5) മൂന്നാം ഓവറില്‍ സന്ദീപ് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കി.
ക്രിസീലെത്തിയ ഉടനെ സിംഗിളുകളിലൂടെ സ്കോറിംഗ് തുടങ്ങിയ കോലിക്ക് പക്ഷെ സന്ദീപ് ശര്‍മയ്ക്കെതിരെ പിഴച്ചു. സന്ദീപിനെ കവറിലൂടെ ബൗണ്ടറി കടത്താനുള്ള കോലിയുടെ ശ്രമം വില്യംസണിന്‍റെ കൈകളിലൊതുങ്ങി. ഏഴ് പന്തില്‍ ഏഴ് റണ്‍സായിരുന്നു കോലിയുടെ നേട്ടം.
ഇഴഞ്ഞിഴഞ്ഞ് ബാംഗ്ലൂര്‍
സ്ലോ പിച്ചില്‍ പതിവ് ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന ഡിവില്ലിയേഴ്സും ജോഷെ ഫിലിപ്പും ചേര്‍ന്ന് ബാംഗ്ലൂരിനെ 71ല്‍ എത്തിച്ചു. തകര്‍ത്തടിച്ചു തുടങ്ങി. ഡിവില്ലിയേഴ്സിനെ(24 പന്തില്‍ 24) പതിനൊന്നാം ഓവറില്‍ മടക്കി നദീം ബാംഗ്ലൂരിന്‍റെ സ്കോറിംഗിന് ബ്രേക്കിട്ടു. തൊട്ടടുത്ത ഓവറില്‍ ജോഷെ ഫിലിപ്പിനെ(31 പന്തില്‍ 32) റാഷിദ് ഖാനും വീഴ്ത്തിയതോടെ ബാംഗ്ലൂര്‍ പ്രതിസന്ധിയിലായി.
വാഷിംഗ്ടണ്‍ സുന്ദറും(21), ഗുര്‍കീരത് സിംഗ് മന്നും നടത്തിയ പോരാട്ടം ബാംഗ്ലൂരിനെ 120 റണ്‍സിലെത്തിച്ചു. ഹൈദരാബാദിനായി സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ റാഷിദ് ഖാനും നദീമും ഓരോ വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത നടരാജനും ഒരു വിക്കറ്റെടുത്തു.
ഇന്ന് ജയിച്ചാല്‍ ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഹൈദരാബാദിന് ഇന്ന് വിജയം അനിവര്യമാണ്.