അടുത്ത ഐപിഎല്‍ എവിടെ?, രോഹിത് ശര്‍മയുടെ പരിക്ക്; മറുപടിയുമായി ഗാംഗുലി
പരിക്ക് മാറി ശാരീരികക്ഷമത തെളിയിച്ചാല്‍ രോഹിത് ശർമ്മയെയും ഇശാന്ത് ശർമ്മയെയും ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നും ഗാംഗുലി
ദുബായ്: അടുത്ത സീസണിലെ ഐ പി എൽ ഇന്ത്യയിൽ നടത്തുമെന്ന് സൗരവ് ഗാംഗുലി. കൊവിഡ് പ്രതിസന്ധി വിലയിരുത്തിയതിന് ശേഷം അന്തിമതീരുമാനമെടുക്കും. 2021 ഏപ്രിൽ മെയിൽ ഐ പി എൽ നടത്താനാണ് ആലോചന.
ഇതിന് മുൻപ് കൊവിഡ് വാക്സിൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. സാഹചര്യങ്ങൾ അനുകൂലമായില്ലെങ്കിൽ യു എ ഇയിൽ തന്നെ മത്സരങ്ങൾ നടത്തും. കൊൽക്കത്ത , പഞ്ചാബ് ഫ്രാഞ്ചൈസികൾ ടീം ഉടച്ചുവാർക്കാൻ ആലോചിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത വർഷവും താരലേലം നടത്തുന്നത് പരിഗണിക്കും.
പരിക്ക് മാറി ശാരീരികക്ഷമത തെളിയിച്ചാല്‍ രോഹിത് ശർമ്മയെയും ഇശാന്ത് ശർമ്മയെയും ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നും ഗാംഗുലി വ്യക്മതാക്കി. രോഹിത്തിനെ പരമ്പരയില്‍ നിന്ന് പൂര്‍ണണായും ഒഴിവാക്കിയിട്ടില്ലെന്നും ടെസ്റ്റ് പരമ്പരക്ക് മുമ്പ് കായികക്ഷമത വീണ്ടെടുത്താല്‍ രോഹിത്തിനെ ടെസ്റ്റില്‍ കളിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
ഓസ്ട്രേലിയയില്‍ ഓസീസിനെ കീഴടക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും കോലിക്കും സംഘത്തിനും പരമ്പര സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. വാര്‍ണറുടെയും സ്മ്ത്തിന്‍റെയും വരവോടെ ഓസീസ് കൂടുതല്‍ കരുത്തരായെന്നും ഗാംഗുലി പറഞ്ഞു.