ദുബായിലെ അത്ഭുതം; രണ്ട് സൂപ്പര്‍ ഓവറുകള്‍ അതിജീവിച്ച് മുംബൈക്കുമേല്‍ പഞ്ചാബിന്‍റെ പഞ്ചാരിമേളം

മത്സരത്തിലെ രണ്ടാം സൂപ്പര്‍ ഓവറില്‍ 12 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി യൂണിവേഴ്സ് ബോസ് പഞ്ചാബിന്‍റെ ലക്ഷ്യം അനായാസമാക്കി

IPL2020 Mumbai Indians vs Kings XI Punjab Live update, KXIP beat MI by in second super over

ദുബായ്: നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി കിംഗ്സ് ഇലവന്‍ പഞ്ചാബ്. മത്സരത്തിലെ രണ്ടാം സൂപ്പര്‍ ഓവറില്‍ 12 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി യൂണിവേഴ്സ് ബോസ് പഞ്ചാബിന്‍റെ ലക്ഷ്യം അനായാസമാക്കി. അടുത്ത പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ മായങ്ക് അഗര്‍വാള്‍ ബൗണ്ടറിയടിച്ച് സ്കോര്‍ തുല്യമാക്കി. നാലാം പന്തും ബൗണ്ടറി കടത്തി മായങ്ക് പഞ്ചാബിന്‍റെ അത്ഭുതജയം പൂര്‍ത്തിയാക്കി.

നേരത്തെ നിശ്ചിത ഓവറില്‍ ഇരു ടീമും ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് വീതമെടുത്തപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ആദ്യ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ജസ്പ്രീത് ബുമ്രക്കെതിരെ അഞ്ച് റണ്‍സെ നേടാനായുള്ളു. ആറ് റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈക്ക് പക്ഷെ മുഹമ്മദ് ഷമി എറിഞ്ഞ സൂപ്പര്‍ ഓവറിലും അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്.

IPL2020 Mumbai Indians vs Kings XI Punjab Live update, KXIP beat MI by in second super over

രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡീകോക്കുമായിരുന്നു മുംബൈക്കായി ആദ്യ സൂപ്പര്‍ ഓവറില്‍ ഇറങ്ങിയത്. പഞ്ചാബിനായി കെ എല്‍ രാഹുലും നിക്കോളാസ് പുരാനുമാണ് ഇറങ്ങിയത്. ആദ്യ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ജയത്തിലേക്ക് രണ്ട് റണ്‍സ് വേണമെന്നിരിക്കെ രണ്ടാം റണ്ണിനായി ഓടിയ ഡി കോക്ക് റണ്ണൗട്ടായി. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയതോടെ മത്സരം വീണ്ടും രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ മുംബൈയാണ് ആദ്യം ബാറ്റ് ചെയ്തത്. മുംബൈക്കായി കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് ക്രീസിലെത്തിയത്. ആദ്യ മൂന്ന് പന്തില്‍ വൈഡ് അടക്കം മൂന്ന് റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായത്. മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് ബൗണ്ടറിയടിച്ചു.  നാലാം പന്ത് വീണ്ടും വൈഡ്. അഞ്ചാം പന്തില്‍ രണ്ടാം റണ്ണിനായി ഓടിയ പാണ്ഡ്യ റണ്ണൗട്ടായി. 

അവസാന പന്തില്‍ പൊള്ളാര്‍ഡിന്‍റെ ഉറച്ച സിക്സര്‍ ബൗണ്ടറിയില്‍ മായങ്ക് അഗര്‍വാള്‍ പറന്നുപിടിച്ച് ബൗണ്ടറിക്ക് അകത്തിട്ടത് മത്സരത്തില്‍ നിര്‍ണായകമായി. നാലു റണ്‍സാണ് മായങ്ക് ഇതിലൂടെ സേവ് ചെയ്തത്. സൂപ്പര്‍ ഓവറില്‍ മുംബൈ നേടിയത് 11 റണ്‍സ്.ക്രിസ് ഗെയ്ല്‍ ആദ്യ പന്തില്‍ തന്നെ ബോള്‍ട്ടിനെ സിക്സിന് പറത്തിയതോടെ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി.

51 പന്തില്‍ 77 റണ്‍സടിച്ച രാഹുലാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ജയത്തോടെ ആറ് പോയന്‍റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മുംബൈ രണ്ടാം സ്ഥാനത്ത് തുടരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios