മിന്നല്‍പ്പിണരായി ജഡേജ; കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കുമേല്‍ ഇരുട്ടടിയുമായി ചെന്നൈ

കൊല്‍ക്കത്തയുടെ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായപ്പോള്‍ രാജസ്ഥാനെതിരായ അവസാന മത്സരം ജയിച്ചാലും കൊല്‍ക്കത്തക്ക് പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെ അവശേഷിക്കുന്നുള്ളു.

IPL2020 Chennai Super Kings vs Kolkata Knight Riders Live Update, CSK beat KKR in last ball thriller

ദുബൈ: ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗാണ് അവസാന പന്തില്‍ ചെന്നക്ക് ജയം സമ്മാനിച്ചത്. അവസാന രണ്ടോവറില്‍ ജയത്തിലേക്ക് 30 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ടു ഫോറും ഒരു സിക്സും പറത്തി 20 റണ്‍സടിച്ച ജഡേജ അവസാന ഓവറില്‍ ജയത്തിലേക്ക് 10 റണ്‍സാക്കി കുറച്ചു. നാഗര്‍കോട്ടി എറിഞ്ഞ അവസാന ഓവറിലെ ആദ്യ നാലു പന്തില്‍ മൂന്ന് റണ്‍സെ ചെന്നൈക്ക് നേടാനുള്ളു.

അഞ്ചാം പന്ത് സിക്സിന് പറത്തിയ ജഡേജ സ്കോര്‍ തുല്യമാക്കി. അവസാന പന്തിലും സിക്സ് നേടി ജഡേജ ചെന്നൈയുടെ ജയം പൂര്‍ത്തിയാക്കി. 11 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജയാണ് ചെന്നൈക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. 53 പന്തില്‍ 72 റണ്‍സെടുത്ത റിതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോര്‍. സ്കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 172/5, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 178/4. കൊല്‍ക്കത്തയുടെ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായപ്പോള്‍ രാജസ്ഥാനെതിരായ അവസാന മത്സരം ജയിച്ചാലും കൊല്‍ക്കത്തക്ക് പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെ അവശേഷിക്കുന്നുള്ളു.

കരുതലോടെ തുടങ്ങി

കൊല്‍ക്കത്ത ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഷെയ്ന്‍ വാട്സണും റിതുരാജ് ഗെയ്‌ക്‌വാദും ചേര്‍ന്ന് ചെന്നൈക്ക് മികച്ച തുടക്കം നല്‍കി. പവര്‍പ്ലേയില്‍ ആറോവറില്‍ 48 റണ്‍സടിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 50 റണ്‍സടിച്ചു. പതിവുതാളം കണ്ടെത്താന്‍ കഴിയാതിരുന്ന വാട്സണ്‍ വരുണ്‍ ചക്രവര്‍ത്തിയെ സിക്സ് പറത്താനുള്ള ശ്രമത്തില്‍ ലോംഗ് ഓണില്‍ റിങ്കു സിംഗിന്‍റെ കൈകളിലൊതുങ്ങി. 19 പന്തില്‍ 14 റണ്‍സായിരുന്നു വാട്സ‌ന്‍റെ നേട്ടം.

വിറപ്പിച്ച് റായുഡുവും ഗെയ്‌ക്‌വാദും

ഗെയ്ക്‌വാദിന് കൂട്ടായി അംബാട്ടി റായുഡു ക്രീസിലെത്തിയതോടെ ചെന്നൈ ടോപ് ഗിയറിലായി. നിതീഷ് റാണയെ 16 റണ്‍സടിച്ച ഇരുവരും ചെന്നൈ സ്കോറിന് ഗതിവേഗം നല്‍കി. ലോക്കി ഫെര്‍ഗൂസനെ സിക്സിനും ഫോറിനും പറത്തിയ ഗെയ്‌ക്‌വാദ് ചെന്നൈയെ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. മറുവശത്ത് അംബാട്ടി റായുഡുവും മോശമാക്കിയില്ല. നാഗര്‍കോട്ടിയെ സിക്സിന് പറത്തിയ റായുഡുവും ഗെയ്ക്‌വാദും ചേര്‍ന്ന് 28 പന്തില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

രക്ഷകനായി കമിന്‍സ്

തകര്‍ത്തടിച്ച റായുഡവുവിനെ പുറത്താക്കി പാറ്റ് കമിന്‍സാണ് കൊല്‍ക്കത്തക്ക് വീണ്ടും പ്രതീക്ഷ നല്‍കിയത്. 20 പന്തില്‍ 38 റണ്‍സടിച്ചാണ് റായുഡു മടങ്ങിയത്.  റായുഡു പുറത്തായശേഷം ക്രീസിലെത്തിയ എം എസ് ധോണിക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. ചക്രവര്‍ത്തിയുടെ പന്തില്‍ ധോണി(1) ക്ലീന്‍ ബൗള്‍ഡായതോടെ കൊല്‍ക്കത്തക്ക് പ്രതീക്ഷയായി. സാം കറന്‍ നല്‍കിയ അനായാസ ക്യാച്ച് ചക്രവര്‍ത്തി നിലത്തിട്ടു. തകര്‍ത്തടിച്ച ഗെയ്‌ക്‌വാദിനെ മടക്കി കമിന്‍സ് വീണ്ടും ചെന്നൈയെ ഞെട്ടിച്ചു. 53 പന്തില്‍ 72 റണ്‍സായിരുന്നു ഗെയ്‌ക്‌വാദിന്‍റെ സംഭാവന.

അവസാനം പൊരുതി ജയിച്ച് ജഡേജ

രണ്ടോവറില്‍ ജയത്തിലേക്ക് 30 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ സിക്സിനും രണ്ട് തവണ ഫോറിനും പറത്തി രവീന്ദ്ര ജഡേജ 20 റണ്‍സടിച്ചതാണ് മത്സരത്തില്‍ നിര്‍ണായകമായത്. അതുവരെ ചെന്നൈയെ വമ്പനടികളില്‍ നിന്ന് തടഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് ഫെര്‍ഗൂസന്‍റെ നോ ബോളാണ് വിനയായയത്. നോ ബോളിന് പകരമായി ലഭിച്ച ഫ്രീ ഹിറ്റില്‍ ജഡേജ സിക്സ് പറത്തി. അവസാന പന്തില്‍ ഫോറും നേടി. ആ ഓവറില്‍ 20 റണ്‍സടിച്ചതോടെ അവസാന ഓവറിലെ വിജയലക്ഷ്യം 10 റണ്‍സ് മാത്രമായി. കൊല്‍ക്കത്തക്കായി പാറ്റ് കമിന്‍സും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios