ബെയര്‍സ്‌റ്റോ വെടിക്കെട്ട്, വാര്‍ണര്‍ ഷോ; പഞ്ചാബിനെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍

നിലയുറപ്പിക്കാനൊന്നും സമയമെടുക്കാതെ ആദ്യ ഓവര്‍ മുതല്‍ ബെയര്‍സ്റ്റോയും വാര്‍ണറും അടിച്ചുതകര്‍ത്തു. ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ഹൈദരാബാദിന്  പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

IPL2020 Bairstow-Warner Show, Sunrisers Hyderabad post 202 rusn target for Kings XI Punjab

ദുബായ്: ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്റ്റോയുടെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ജോണി ബെയര്‍സ്റ്റോയുടെയും ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ വിക്കറ്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. 55 പന്തില്‍ 97 റണ്‍സടിച്ച ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ ആണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍-ബെയര്‍സ്റ്റോ സഖ്യം 15 ഓവറില്‍ 160 റണ്‍സ് അടിച്ചെടുത്തു.

ആദ്യ ഓവര്‍ മുതല്‍ അടിയോടടി

നിലയുറപ്പിക്കാനൊന്നും സമയമെടുക്കാതെ ആദ്യ ഓവര്‍ മുതല്‍ ബെയര്‍സ്റ്റോയും വാര്‍ണറും അടിച്ചുതകര്‍ത്തു. ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ഹൈദരാബാദിന്  പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അടുത്ത രണ്ടോവറില്‍ കാര്യമായി റണ്‍സടിച്ചില്ലെങ്കിലും കോട്രല്‍ എറിഞ്ഞ നാലാം ഓവറില്‍ 15 റണ്‍സടിച്ച് ഹൈദരാബാദ് ടോപ് ഗിയറിലായി. ഷമിയുടെ അടുത്ത ഓവറില്‍ ബെയര്‍സ്റ്റോ നല്‍കിയ ക്യാച്ച് കെ എല്‍ രാഹുല്‍ കൈവിട്ടതോടെ പഞ്ചാബിന്‍റെ കഷ്ടകാലം തുടങ്ങി.

രവി ബിഷ്ണോയ് എറിഞ്ഞ എട്ടാം ഓവറില്‍ 18 റണ്‍സടിച്ച ഹൈദരാബാദ് സ്പിന്നര്‍മാരെ കടന്നാക്രമിച്ചു. 28 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബെയര്‍സ്റ്റോ അടിച്ചുതകര്‍ത്തതോടെ പത്താം ഓവറില്‍ ഹൈദരാബാദ് 100 റണ്‍സിലെത്തി. മാക്സ്‌വെല്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ 20 റണ്‍സടിച്ച ബെയര്‍സ്റ്റോ അഥിവേഗം സ്കോറുയര്‍ത്തിയപ്പോള്‍ വാര്‍ണര്‍ സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറി. 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാര്‍ണര്‍ ഐപിഎല്ലില്‍ ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

കളി തിരിച്ച് ബിഷ്ണോയ്

ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ബിഷ്ണോയ് പതിനാറാം ഓവറിലെ ആദ്യ പന്തില്‍ വാര്‍ണറയെും(40 പന്തില് 52) , നാലാം പന്തില്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ബെയര്‍സ്റ്റോയെയും(55 പന്തില്‍ 97) വീഴ്ത്തിയതോടെ ഹൈദരാബാദിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.തൊട്ടടുത്ത ഓവറില്‍ മനീഷ് പാണ്ഡെയെ(1)യും പ്രിയം ഗാര്‍ഗിനെയും(0)മടക്കി അര്‍ഷദീപ് സിംഗ് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. പതിനെട്ടാം ഓവറില്‍ അബ്ദുള്‍ സമദിനെ വീഴ്ത്തി ബിഷ്ണോയ് വീണ്ടും കരുത്തുകാട്ടി. ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ബിഷ്ണോയ് മൂന്നോവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അര്‍ഷദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷമി ഒരു വിക്കറ്റ് വീഴ്ത്തി.

ആദ്യ 15 ഓവറില്‍ 160  റണ്‍സടിച്ച ഹൈദരാബാദിന് അവസാന അഞ്ചോവറില്‍ ആറ് വിക്കറ്റ് നഷ്ടമാക്കിയ 41 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 10 പന്തില്‍ 20 റണ്‍സെടുത്ത് പുറത്താകാടെ നിന്ന കെയ്ന്‍ വില്യംസണാണ് ഒരുഘട്ടത്തില്‍ 230 കടക്കുമെന്ന് കരുതിയ ഹൈദരാബാദിനെ 200 കടത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios