രാജസ്ഥാൻ എങ്ങനെയെങ്കിലും തോൽക്കണേ! നേട്ടം ആർസിബിക്ക് മാത്രമല്ല, മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് ആറ് ടീമുകൾ
ഓരോ ടീമിന്റെയും തോൽവിയും ജയവും പോലും മറ്റ് ടീമുകളുടെ മുന്നോട്ടുള്ള കുതിപ്പിനെ ബാധിക്കുന്ന അവസ്ഥയിലാണ്. ഇന്ന് രാജസ്ഥാൻ റോയൽസും ആർസിബിയും ഏറ്റുമുട്ടുമ്പോൾ പോയിന്റ് പട്ടികയിലെ മുൻനിരക്കാർ മുതൽ മധ്യഭാഗത്ത് നിൽക്കുന്നവർ വരെ കണ്ണുനട്ട് കാത്തിരിക്കുകയാണ്.
ജയ്പുർ: ഐപിഎലിലെ ഗ്രൂപ്പ് ഘട്ടത്തിലെ കലാശ പോരാട്ടങ്ങൾക്ക് ചൂടപിടിക്കുമ്പോൾ മാറി മറിയുന്ന അവസ്ഥയിൽ പോയിന്റ് നില. ഓരോ ടീമിന്റെയും തോൽവിയും ജയവും പോലും മറ്റ് ടീമുകളുടെ മുന്നോട്ടുള്ള കുതിപ്പിനെ ബാധിക്കുന്ന അവസ്ഥയിലാണ്. ഇന്ന് രാജസ്ഥാൻ റോയൽസും ആർസിബിയും ഏറ്റുമുട്ടുമ്പോൾ പോയിന്റ് പട്ടികയിലെ മുൻനിരക്കാർ മുതൽ മധ്യഭാഗത്ത് നിൽക്കുന്നവർ വരെ കണ്ണുനട്ട് കാത്തിരിക്കുകയാണ്. ഇന്ന് ആർസിബി ജയിച്ചാൽ മറ്റ് ആറ് ടീമുകൾക്ക് കൂടെ അതിന്റെ ഗുണഫലങ്ങൾ ലഭിക്കും.
ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ആർസിബിയുടെ വിജയം കൊതിക്കുന്നത്. ഗുജറാത്തിനും ചെന്നൈക്കും നേരത്തെ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും എന്നതാണ് ആർസിബിയുടെ വിജയം കൊണ്ടുള്ള ഗുണം. മുംബൈക്കും ലഖ്നൗവിനും ആർസിബി ജയിച്ചാൽ ലൈഫ് നീട്ടിയെടുക്കാനുള്ള അവസരം കിട്ടും.
ഇപ്പോൾ മൂന്നാമതും നാലാമതുമായി നിൽക്കുന്ന മുംബൈക്കും ലഖ്നൗവിനും തന്നെയാണ് രാജസ്ഥാൻ വലിയ വെല്ലുവിളി ഉയർത്തുന്നത്. രാജസ്ഥാൻ വിജയം നേടുകയാണെങ്കിലും അടുത്ത മത്സരത്തിൽ നേർക്കുനേർ വരുന്ന മുംബൈക്കും ലഖ്നൗവിനും വിജയം വളരെ നിർണായകമായി മാറും. ഇന്ന് വിജയം നേടിയില്ലെങ്കിൽ ആർസിബിയുടെ അവസ്ഥയും കഷ്ടമാകും.
നിലവിൽ 11 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവുമായി 10 പോയിന്റുള്ള ആർസിബി ഏഴാം സ്ഥാനത്താണ്. ഇതിനകം 12 പോയിന്റുള്ള രാജസ്ഥാനും പഞ്ചാബിനും ഒപ്പം പിടിക്കാൻ ഇന്നത്തെ വിജയത്തോടെ ആർസിബിക്ക് സാധിക്കും. ഒപ്പം രാജസ്ഥാന് പിന്നെ ഒരു മത്സരം കൂടെ മാത്രം ബാക്കിയാകും. ആർസിബിക്ക് രണ്ട് മത്സരങ്ങൾ ബാക്കിയുള്ളതിനാൽ പ്ലേ ഓഫ് സാധ്യതകൾ വീണ്ടും പച്ചപിടിക്കും.