'വാട്ട് എ ടാലന്‍ഡ്'; യശ്വസി ജയ്‌സ്വാളിനെ വാഴ്‌ത്തിയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി മുക്കി കോലി; സംഭവിച്ചത് എന്ത്?

ജയ്‌സ്വാളിന്‍റെ ചിത്രം സഹിതമായിരുന്നു കോലിയുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റ് ചെയ്‌ത് മിനുറ്റുകള്‍ക്കകം ഇത് ഡിലീറ്റ് ചെയ്‌തു

IPL 2023 Why Virat Kohli deleted Instagram story praises Yashasvi Jaiswal jje

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 13 പന്തില്‍ നേടിയ ഫിഫ്റ്റിയുടെ പ്രത്യേകത ഇതായിരുന്നു. നേരിട്ട ആദ്യ ഓവറില്‍ 26 റണ്‍സുമായി തുടങ്ങിയ ജയ്‌സ്വാള്‍ അനായാസം അര്‍ധസെഞ്ചുറിയിലേക്ക് ബൗണ്ടറികളുമായി കുതിക്കുന്നതാണ് ആരാധകര്‍ കണ്ടത്. ഇതിന് പിന്നാലെ 21കാരനായ യുവതാരത്തെ തേടിയെത്തിയ ഗംഭീര പ്രശംസകളിലൊന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസവും ആര്‍സിബി താരവുമായ വിരാട് കോലിയുടേതായിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്‌ത് മിനുറ്റുകള്‍ക്കുള്ളില്‍ കോലി അത് ഡിലീറ്റ് ആക്കി!

'വൗ, അടുത്തിടെ കണ്ട ഏറ്റവും മികച്ച ബാറ്റിംഗുകളില്‍ ഒന്നാണിത്. യശസ്വി ജയ്‌സ്വാള്‍ എന്തൊരു പ്രതിഭയാണ്' എന്നായിരുന്നു കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ജയ്‌സ്വാളിന്‍റെ ചിത്രം സഹിതമായിരുന്നു കോലിയുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റ് ചെയ്‌ത് മിനുറ്റുകള്‍ക്കകം ഇത് ഡിലീറ്റ് ചെയ്യുകയും ചിത്രം ക്രോപ് ചെയ്‌ത് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്‌തു കോലി. ആദ്യം പങ്കുവെച്ച ഇന്‍സ്റ്റ സ്റ്റോറിയില്‍ ജിയോ സിനിമയുടെ ലോഗോയുണ്ടായിരുന്നതാണ് ഇതിന് കാരണം. ഐപിഎല്‍ 2023ല്‍ സ്റ്റാര്‍ സ്പോര്‍ട്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായതിനാലാണ് കോലി സ്റ്റോറി ഡിലീറ്റ് ചെയ്‌ത് പുതിയത് പോസ്റ്റ് ചെയ്‌തത് എന്നാണ് അനുമാനം. ജിയോ സിനിമ ഐപിഎല്ലിന്‍റെ ഡിജിറ്റല്‍ പാര്‍ട്‌ണര്‍മാരും സ്റ്റാര്‍ സ്പോര്‍ട്‌സ് ടെലിവിഷന്‍ സംപ്രേഷകരുമാണ്. 

മത്സരത്തില്‍ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണറായി ഇറങ്ങിയ യശസ്വി ജയ്‌സ്വാള്‍ 47 പന്തില്‍ 13 ഫോറും 5 സിക്‌സും സഹിതം പുറത്താവാതെ 98* റണ്‍സ് അടിച്ചുകൂട്ടി. സഹ ഓപ്പണര്‍ ജോസ് ബട്‌ലര്‍ പൂജ്യത്തില്‍ മടങ്ങിയപ്പോള്‍ 29 ബോളില്‍ പുറത്താവാതെ രണ്ട് ഫോറും അ‌ഞ്ച് സിക്‌സും ഉള്‍പ്പടെ 48* റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ജയ്‌സ്വാളിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, നാല് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലും രണ്ട് പേരെ പുറത്താക്കിയ ട്രെന്‍റ് ബോള്‍ട്ടും ഓരോരുത്തരെ പവലിയനിലേക്ക് എത്തിച്ച സന്ദീപ് ശര്‍മ്മയും കെ എം ആസിഫുമാണ് കെകെആറിനെ 20 ഓവറില്‍ 149-8 എന്ന സ്കോറില്‍ ഒതുക്കിയത്. 

Read more: റണ്ണൗട്ടിലെ കലിപ്പ് അതിരുവിട്ടു, ഒടുവില്‍ ചെവിക്ക് പിടി വീണു; ജോസ് ബട്‌ലര്‍ക്ക് പിഴ ശിക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios