'തല' പോകും, എബിഡി വീഴും; തകര്‍പ്പന്‍ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി കിംഗ് കോലി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 233 എണ്ണവുമായി ഇപ്പോള്‍ വിരാട് കോലി അഞ്ചാം സ്ഥാനത്താണ്
ബെംഗളൂരു: കിംഗ് ഒന്നേയുള്ളൂ...ഐപിഎല്‍ 2023ലും ഒരാള്‍ മതി എന്ന് ഉറപ്പിച്ചാണ് ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലി ബാറ്റ് വീശുന്നത്. ഐപിഎല്‍ പതിനാറാം സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള കോലി ഈ എഡിഷനിലെ 13 കളികളില്‍ 44.83 ശരാശരിയിലും 135.86 സ്ട്രൈക്ക് റേറ്റിലും ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ ഇതിനകം 538 റണ്‍സ് നേടി. സണ്‍റൈസേഴ്‌സിനെതിരെ നേടിയ 100 ആണ് ഉയര്‍ന്ന സ്കോര്‍. ഈ കുതിപ്പിനിടെ ഒരു റെക്കോര്‍ഡ് തകര്‍ക്കാനുള്ള സാധ്യത കോലിക്ക് മുന്നിലുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 233 എണ്ണവുമായി ഇപ്പോള്‍ വിരാട് കോലി അഞ്ചാം സ്ഥാനത്താണ്. 239 സിക്‌സുകളുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിഹാസം എം എസ് ധോണിയാണ് കിംഗിന് തൊട്ടുമുകളിലായി നാലാമത്. ഇത്തവണ കോലി 15 തവണ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിക്കഴിഞ്ഞു. ഒരു സീസണില്‍ 38 സിക്‌സറുകള്‍ വരെ ചരിത്രത്തിലെ റെക്കോര്‍ഡ് കോലിക്കുണ്ട്. കോലി 973 റണ്‍സ് അടിച്ചുകൂട്ടിയ 2016ലായിരുന്നു ഇത്. അതേസമയം ഐപിഎല്‍ 2023ല്‍ 10 തവണ മാത്രമേ ധോണിക്ക് സിക്‌സ് നേടാനായിട്ടുള്ളൂ. കോലി ടോപ് ഓര്‍ഡര്‍ ബാറ്ററും ധോണി ഫിനിഷറുമാണ് എന്നിരിക്കേ 'തല'യുടെ റെക്കോര്‍ഡ് കോലി ഈ സീസണില്‍ തകര്‍ത്തേക്കാം.
ആര്‍സിബി പ്ലേ ഓഫില്‍ പ്രവേശിച്ചാല്‍ 251 സിക്‌സുമായി പട്ടികയില്‍ മൂന്നാമനായ എ ബി ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കാനുള്ള അവസരവും കോലിക്കുണ്ട്. ദീര്‍ഘകാലം ആര്‍സിബി ജേഴ്‌സിയില്‍ ഒന്നിച്ച് കളിച്ചവരാണ് എബിഡിയും കോലിയും. ഈ സീസണില്‍ അല്ലെങ്കില്‍ വരും എഡിഷനില്‍ എബിഡിയുടെ റെക്കോര്‍ഡ് കിംഗ് കോലി തകര്‍ക്കും എന്നുറപ്പാണ്. ഐപിഎല്ലിലെ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ 357 എണ്ണവുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. യൂണിവേഴ്‌സ് ബോസിന്‍റെ ഈ റെക്കോര്‍ഡ് സമീപകാലത്തൊന്നും തകരില്ല എന്നുറപ്പ്. 255 എണ്ണവുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയാണ് രണ്ടാംസ്ഥാനത്ത്.
Read more: ഇതൊക്കെ മൈതാനത്ത് കണ്ടാല്‍ മതി; പരിശീലനത്തില്‍ അടിച്ചുതകര്‍ത്ത് സഞ്ജു സാംസണ്‍ വീഡിയോ