സഞ്ജു പക്വത വന്ന ക്യാപ്റ്റന്‍, സ്‌പിന്നര്‍മാരെ നന്നായി ഉപയോഗിക്കുന്നു; കിരീടം മറ്റൊരു ടീമിനെന്നും ശാസ്‌ത്രി
സ്‌പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ സഞ്ജു മികവ് കാട്ടുന്നതായി ശാസ്‌ത്രി പ്രശംസിക്കുന്നു
ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. ശക്തരായ എതിരാളികളെ നേരിടും മുമ്പ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ കോച്ചും നിലവില്‍ കമന്‍റേറ്ററുമായ രവി ശാസ്ത്രി. സ്‌പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ സഞ്ജു മികവ് കാട്ടുന്നതായി ശാസ്‌ത്രി പ്രശംസിക്കുന്നു.
'ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഏറെ പക്വത കൈവരിച്ചു. സ്‌പിന്നര്‍മാരെ നന്നായി ഉപയോഗിക്കുന്നു. ഒരു നല്ല ക്യാപ്റ്റന് മാത്രമേ മൂന്ന് സ്‌പിന്നര്‍മാരെ കളിപ്പിക്കാനും അവരെ നന്നായി ഉപയോഗിക്കാനും കഴിയുകയുള്ളൂ' എന്നും രവി ശാസ്‌ത്രി വ്യക്തമാക്കി. രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, ആദം സാംപ എന്നിവരെ സഞ്ജു സാംസണ്‍ ഉപയോഗിക്കുന്ന രീതിയാണ് ശാസ്‌ത്രിയുടെ മനം കവര്‍ന്നത്. അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് തന്നെയാണ് ശാസ്‌ത്രി ഐപിഎല്‍ 2023ലും കിരീടം പ്രവചിക്കുന്നത്. 'നിലവിലെ ഫോമും പോയിന്‍റ് പട്ടികയും നോക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടുമെന്നാണ് തോന്നുന്നത്. സ്ഥിരതയും സന്തുലിതയും അവര്‍ കാഴ്‌ചവെക്കുന്നുണ്ട്. ഏഴെട്ട് താരങ്ങള്‍ സ്ഥിരതയോടെ കളിക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്' എന്നും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.
ജയ്‌പൂരില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. നിലവില്‍ 9 കളിയില്‍ 12 പോയിന്‍റുമായി പട്ടികയില്‍ തലപ്പത്തുള്ള ടീമാണ് ടൈറ്റന്‍സ് എങ്കില്‍ ഇത്രതന്നെ കളികളില്‍ 10 പോയിന്‍റുള്ള റോയല്‍സ് നാലാം സ്ഥാനക്കാരാണ്. എന്നാല്‍ ഇന്ന് ടൈറ്റന്‍സിനെ തോല്‍പിക്കാനായാല്‍ റോയല്‍സിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം. നായകന്‍ സഞ്ജു സാംസണിനൊപ്പം ഓപ്പണര്‍ ജോസ് ബട്‌ലറും ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് റോയല്‍സിന് അനിവാര്യമാണ്.
Read more: വിജയം കൊയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ്; ടൈറ്റ് മാച്ചിന് ടൈറ്റന്‍സ്