ഫാഫ്-മാക്‌സി വെടിക്കെട്ട്, ഒടുവില്‍ കീഴടങ്ങി ആര്‍സിബി; ചിന്നസ്വാമി റണ്‍ ഫെസ്റ്റ് ജയിച്ച് സിഎസ്‌കെ

ആദ്യം ബാറ്റ് ചെയ്‌ത സിഎസ്‌കെ ദേവോണ്‍ കോണ്‍വേ, ശിവം ദുബെ എന്നിവരുടെ മിന്നല്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു

IPL 2023 RCB vs CSK Result Glenn Maxwell Faf du Plessis hits fifties but Chennai Super Kings won by 8 runs on run fest in M Chinnaswamy Stadium jje

ബെംഗളൂരു: വാട്ട് എ മാച്ച്! 200 കടന്ന് ഇരു ടീമുകളും, ഒടുവില്‍ ധോണിപ്പടയ്‌ക്ക് ത്രില്ലര്‍ ജയം. ഐപിഎല്‍ 16-ാം സീസണിലെ റണ്‍ ഫെസ്റ്റായി മാറിയ ചിന്നസ്വാമി പോരാട്ടത്തില്‍ ആര്‍സിബിക്കെതിരെ സിഎസ്‌കെ 8 റണ്‍സിന്‍റെ ത്രില്ലര്‍ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്നോട്ടുവെച്ച 227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലസി എന്നിവരുടെ വെടിക്കെട്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റോയലായി ഒരുവേള എത്തുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ പിടിമുറുക്കി ധോണിയും കൂട്ടരും അവിശ്വസനീയ തിരിച്ചുവരവിലൂടെ വിജയിക്കുകയായിരുന്നു. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ ബാംഗ്ലൂരിന്‍റെ പോരാട്ടം 218-8 എന്ന സ്കോറില്‍ ഒതുങ്ങി. ചെന്നൈക്കായി തുഷാര്‍ ദേശ്‌പാണ്ഡെ മൂന്നും മതീഷ പതിരാന രണ്ടും ആകാശ് സിംഗും മഹീഷ് തീക്‌ഷനയും മൊയീന്‍ അലിയും ഓരോ വിക്കറ്റും നേടി. 

വാട്ട് എ ഫാഫ്-മാക്‌സ്

ആര്‍സിബിയുടെ മറുപടി ബാറ്റിംഗിന്‍റെ തുടക്കം നാടകീയമായിരുന്നു. പേസര്‍ ആകാശ് സിംഗിനെ ഇംപാക്‌ട് പ്ലെയറായി എം എസ് ധോണി ഇറക്കിയപ്പോള്‍ ആദ്യ ഓവറില്‍ വിരാട് കോലി(4 പന്തില്‍ 6) ബൗള്‍ഡായി. ഇതേ ഓവറിലെ അവസാന പന്തില്‍ മഹിപാല്‍ ലോററെ മഹീഷ് തീക്‌ഷന കൈവിട്ടു. തൊട്ടടുത്ത തുഷാര്‍ ദേശ്‌പാണ്ഡെയുടെ ഓവറിലെ രണ്ടാം പന്തില്‍ ഫാഫ് ഡുപ്ലസിയെ പിടികൂടാന്‍ ധോണിക്കായില്ല. അവസാന പന്തില്‍ ലോംറര്‍(5 പന്തില്‍ 0) റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ക്യാച്ചില്‍ പുറത്തായതോടെ 12-2 എന്ന നിലയില്‍ ആര്‍സിബിയുടെ നെഞ്ചിടിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് ഫാഫ് ഡുപ്ലസിസ്-ഗ്ലെന്‍ മാക്‌സ്‌വെല്‍ വിളയാട്ടം. പവര്‍പ്ലേയില്‍ ആര്‍സിബിയെ 75-2ല്‍ എത്തിച്ച ഫാഫ്-മാക്‌സി സഖ്യം 9-ാം ഓവറില്‍ ടീമിനെ 100 കടത്തി. മാക്‌സ്‌വെല്‍ 24 പന്തിലും ഫാഫ് 23 ബോളിലും അമ്പത് തികച്ചു. 

13-ാം ഓവറിലെ ആദ്യ പന്തില്‍ മഹീഷ് തീക്‌ഷന ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ധോണിയുടെ കൈകളില്‍ എത്തിച്ചതോടെയാണ് 126 റണ്‍സ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. മാക്‌സി 36 പന്തില്‍ മൂന്ന് ഫോറും 8 സിക്‌സും സഹിതം 76 റണ്‍സെടുത്തു. മൊയീന്‍ അലിയുടെ 14-ാം ഓവറിലെ അവസാന പന്തില്‍ ഫാഫ് ഡുപ്ലസിസും സമാന രീതിയില്‍ ധോണിയുടെ ക്യാച്ചില്‍ പുറത്തായി. ഫാഫ് 33 പന്തില്‍ അഞ്ച് ഫോറും 4 സിക്‌സും ഉള്‍പ്പടെ 62 റണ്‍സ് നേടി. ക്രീസില്‍ ഷഹ്‌ബാസ് അഹമ്മദും ദിനേശ് കാര്‍ത്തിക്കും ഒന്നിച്ചതോടെ അവസാന 24 പന്തില്‍ ജയിക്കാന്‍ 46 മതി ആര്‍സിബിക്ക് എന്നായി. തുഷാര്‍ ദേശ്‌പാണ്ഡെയുടെ 17-ാം ഓവറിന്‍റെ തുടക്കത്തില്‍ ജീവന്‍ കിട്ടിയ ഡികെ അഞ്ചാം പന്തില്‍ ബൗണ്ടറിയില്‍ തീക്‌ഷനയുടെ ക്യാച്ചില്‍ മടങ്ങിയത് വഴിത്തിരിവായി. തൊട്ടടുത്ത പതിരാനയുടെ ഓവറില്‍ ഷഹ്‌ബാസ് അഹമ്മദ്(10 പന്തില്‍ 12) ഗെയ്‌ക്‌വാദിന്‍റെ കൈകളിലെത്തി. 

വിട്ടുകൊടുക്കാതെ സിഎസ്‌കെ...

ഡികെയും ഷഹ്‌ബാസും മടങ്ങിയതോടെ നാല് വിക്കറ്റ് മാത്രം കയ്യിലിരിക്കേ അവസാന രണ്ട് ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കണമെങ്കില്‍ 31 റണ്‍സ് വേണമെന്നായി. ദേശ്‌പാണ്ഡെയുടെ 19-ാം ഓവറിലെ ആദ്യ പന്തില്‍ വെയ്‌ന്‍ പാര്‍നല്‍(5 പന്തില്‍ 2) ദുബെയുടെ ക്യാച്ചില്‍ പുറത്തായി. വനിന്ദു ഹസരങ്കയും സുയാഷ് പ്രഭുദേശായിയും പിന്നാലെ 200 കടത്തിയതോടെ അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ 19 റണ്‍സ് ആയി ലക്ഷ്യം. ആദ്യ പന്തില്‍ പ്രഭുദേശായിയും രണ്ടാം ബോളില്‍ ഹസരങ്കയും സിംഗിളെടുത്തപ്പോള്‍ മൂന്നാം പന്തില്‍ പ്രഭുവിന്‍റെ സിക്‌സ് പിറന്നു. നാലാം പന്തില്‍ ഗംഭീര യോര്‍ക്കറുമായി പതിരാന തിരിച്ചുവന്നു. അഞ്ചാം പന്തില്‍ ഡബിള്‍ നേടിയപ്പോള്‍ അവസാന ബോളില്‍ പ്രഭുദേശായി(11 പന്തില്‍ 19) ജഡേജയുടെ ക്യാച്ചില്‍ പുറത്തായി. 

അവിടെയും വെടിക്കെട്ട്

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സിഎസ്‌കെ ദേവോണ്‍ കോണ്‍വേ, ശിവം ദുബെ എന്നിവരുടെ മിന്നല്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സ് പടുത്തുയര്‍ത്തി. 16 റണ്‍സ് സ്കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ നഷ്‌ടമായ ശേഷം സിക്‌സര്‍ മഴയുമായി തിരിച്ചെത്തുകയായിരുന്നു ചെന്നൈ. 45 പന്തില്‍ ആറ് വീതം ഫോറും സിക്‌സും സഹിതം 83 റണ്‍സെടുത്ത ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ശിവം ദുബെ 27 പന്തില്‍ 52 നേടി. നാലാമനായി ക്രീസിലെത്തിയ ദുബെ രണ്ട് ഫോറും അഞ്ച് സിക്‌സറും നേടിയപ്പോള്‍ 192.59 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 20 പന്തില്‍ 37 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും ചെന്നൈയുടെ ഇന്നിംഗ്‌സില്‍ നിര്‍ണായമായി. മൂന്നാം വിക്കറ്റില്‍ കോണ്‍വേയും ദുബെയും ചേര്‍ത്ത 80 റണ്‍സ് നിര്‍ണായകമായി. 

റുതുരാജ് ഗെയ്‌ക്‌വാദ്(6 പന്തില്‍ 3), അമ്പാട്ടി റായുഡു(6 പന്തില്‍ 14), രവീന്ദ്ര ജഡേജ(8 പന്തില്‍ 10), മൊയീന്‍ അലി(9 പന്തില്‍ 19*), എം എസ് ധോണി(1 പന്തില്‍ 1*) എന്നിങ്ങനെയായിരുന്നു മറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ സ്കോറുകള്‍. ആര്‍സിബിക്കായി മുഹമ്മദ് സിറാജും വെയ്‌ന്‍ പാര്‍നലും വിജയകുമാര്‍ വൈശാഖും ഗ്ലെന്‍ മാക്‌സ്‌വെല്ലും വനിന്ദു ഹസരങ്കയും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് നേടി. 

Read more: ചെന്നൈയുടെ ബാറ്റിംഗില്‍ സംഭവിച്ചത്; വിശദമായി വായിക്കാം

Watch Video: 111 മീറ്റര്‍! ചിന്നസ്വാമിയില്‍ പെരിയ സിക്‌സുമായി ശിവം ദുബെ- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios