ധവാന്‍ ഇനി ഒറ്റയ്‌ക്ക് ബാറ്റ് മുറുകെ പിടിക്കേണ്ട; വെടിക്കെട്ട് വീരന്‍ പ്ലേയിംഗ് ഇലവനിലേക്ക്

ശിഖര്‍ ധവാന്‍റെ ബാറ്റിംഗിനെ അമിതമായി പഞ്ചാബ് കിംഗ്‌സ് ആശ്രയിക്കുന്നതാണ് കഴിഞ്ഞ മത്സരത്തിലടക്കം കണ്ടത്

IPL 2023 PBKS Probable Playing XI against GT Liam Livingstone Kagiso Rabada ready for the match jje

മൊഹാലി: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ശിഖര്‍ ധവാന്‍റെ പഞ്ചാബ് കിംഗ്‌സ് ഇന്നിറങ്ങുകയാണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. വിജയം കൊതിച്ച് ധവാനും കൂട്ടരും ഇറങ്ങുക കൂടുതല്‍ ബാറ്റിംഗ് കരുത്തുമായിട്ടായിരിക്കും. മൊഹാലിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. 

ശിഖര്‍ ധവാന്‍റെ ബാറ്റിംഗിനെ അമിതമായി പഞ്ചാബ് കിംഗ്‌സ് ആശ്രയിക്കുന്നതാണ് കഴിഞ്ഞ മത്സരത്തിലടക്കം കണ്ടത്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടീം 143 റൺസ് നേടിയപ്പോൾ 99 റണ്‍സും ധവാന്‍റെ ബാറ്റില്‍ നിന്നായിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കാര്യങ്ങള്‍ മാറും. സിംബാബ്‌വെന്‍ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസയ്‌ക്ക് പകരം ഇംഗ്ലണ്ടിന്‍റെ ലിയാം ലിവിംഗ്‌സ്റ്റണ്‍ പ്ലേയിംഗ് ഇലവനിലെത്തും. ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇംപാക്‌ട് പ്ലെയേഴ്‌സിന്‍റെ പട്ടികയിലെങ്കിലും ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയുണ്ടാവും. മറ്റ് അധികം മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 

പഞ്ചാബ് കിംഗ്‌സിനായി ശിഖര്‍ ധവാന്‍-പ്രഭ്‌സിമ്രാന്‍ സഖ്യം ഒരിക്കല്‍ കൂടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഭാനുക രജപക്‌സെ വീണ്ടും പുറത്തിരിക്കും. ടീമിലേക്ക് വരുന്ന ലിയാം ലിവിംഗ്‌സ്റ്റണിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുമോ എന്ന ആകാംക്ഷയുണ്ട്. ലിയാം ടീമിലെത്തിയാല്‍ ഇതുവരെ തിളങ്ങാനാവാത്ത ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസയാവും പുറത്താവുക. ജിതേഷ് ശര്‍മ്മ വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ ഷാരൂഖ് ഖാനും ഹര്‍പ്രീത് ബ്രാറും സാം കറനും ഇലവനില്‍ തുടരും. മൊഹീത് രത്തീയുടെ സ്ഥാനത്ത് പേസര്‍ കാഗിസോ റബാഡ വരാനിടയുണ്ട്. നേഥന്‍ എല്ലിസും അര്‍ഷ്‌ദീപ് സിംഗും ബൗളിംഗ് ശ്രദ്ധാകേന്ദ്രങ്ങളാകുമ്പോള്‍ സ്‌പിന്നറുടെ റോളില്‍ രാഹുല്‍ ചഹാര്‍ തുടര്‍ന്നേക്കും. 

പഞ്ചാബ് കിംഗ്‌സ് സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാന്‍ സിംഗ്, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, സാം കറന്‍, രാഹുല്‍ ചഹാര്‍, ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാഡ, നേഥന്‍ എല്ലിസ്, അര്‍ഷ്‌ദീപ് സിംഗ്. 

Read more: സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും; പഞ്ചാബ് കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് മുഖാമുഖം

Latest Videos
Follow Us:
Download App:
  • android
  • ios