ക്യാപ്റ്റന്‍ കൂള്‍ സഞ്ജു, കയ്യടിച്ചേ പറ്റൂ; ബട്‌ലറെ റണ്ണൗട്ടാക്കിയ ജയ്‌സ്വാളിനോട് പറഞ്ഞത് ഒറ്റക്കാര്യം
അപ്രതീക്ഷിതമായി പുറത്തായതിന്‍റെ എല്ലാ ദേഷ്യവും നിരാശയും പ്രകടിപ്പിച്ചാണ് ജോസ് ബട്‌ലര്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടിലേക്ക് നയിച്ചത് യശസ്വി ജയ്‌സ്വാളായിരുന്നു. ഓട്ടത്തിലെ ഇരുവരും തമ്മിലുള്ള ആശയക്കുഴപ്പത്തില്‍ സ്വന്തം വിക്കറ്റ് ത്യജിക്കേണ്ടി വന്നു ബട്‌ലര്‍ക്ക്. എന്നാല്‍ പ്രായ്ശ്ചിത്തമെന്നോളം വെടിക്കെട്ട് ഫിഫ്റ്റിയുമായി ജയ്‌സ്വാള്‍ റോയല്‍സിന് 9 വിക്കറ്റിന്‍റെ ആധികാരിക ജയം സമ്മാനിച്ചു. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം പുറത്താവാതെ സൃഷ്‌ടിച്ച 121 റണ്‍സ് കൂട്ടുകെട്ടാണ് റോയല്‍സിന് രാജകീയ ജയം സമ്മാനിച്ചത്.
അപ്രതീക്ഷിതമായി പുറത്തായതിന്‍റെ എല്ലാ ദേഷ്യവും നിരാശയും പ്രകടിപ്പിച്ചാണ് ജോസ് ബട്‌ലര്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. പുറത്തായതിലെ കലിപ്പ് ബട്‌ലര്‍ക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഇംഗ്ലീഷ് ബാറ്റര്‍ മാച്ച് ഫീയുടെ 10 ശതമാനം പിഴ ഒടുക്കേണ്ടി വന്നു. ബട്‌ലര്‍ പുറത്തായ ശേഷം ക്രീസിലേക്ക് വന്ന നായകന്‍ സഞ്ജു സാംസണ്‍ എന്താണ് പറഞ്ഞത് എന്ന് മത്സര ശേഷം ജയ്‌സ്വാള്‍ തുറന്നുപറഞ്ഞു. 'സഞ്ജു ഭായ് എന്‍റെ അടുത്തെത്തി പറഞ്ഞു, പേടിക്കേണ്ട കാര്യമില്ല, താങ്കളുടെ ശൈലിയില്‍ കളി തുടരുക, നിങ്ങള്‍ മികച്ച ഫ്ലോയിലാണ് കളിക്കുന്നത്. അതില്‍ ഞാന്‍ സംതൃപ്‌തനാണ്'. സഞ്ജുവിന്‍റ ഈ വാക്കുകള്‍ക്ക് ശേഷവും അടി തുടര്‍ന്ന ജയ്‌സ്വാള്‍ രാജസ്ഥാന്‍ റോയല്‍സ് 13.1 ഓവറില്‍ വിജയിക്കുമ്പോള്‍ 47 പന്തില്‍ 98* റണ്‍സുമായി പുറത്താവാതെ നിന്നു. 29 പന്തില്‍ 48* റണ്‍സുമായി സഞ‌്ജുവും ക്രീസില്‍ നില്‍പുണ്ടായിരുന്നു. ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തില്‍ ബട്‌ലര്‍ പൂജ്യത്തില്‍ പുറത്തായിട്ടും തകര്‍പ്പന്‍ ജയം എതിരാളികളുടെ തട്ടകത്തില്‍ സ്വന്തമാക്കുകയായിരുന്നു റോയല്‍സ്.
ജയ്‌സ്വാളിന്‍റെ മറ്റ് വാക്കുകള്‍...
'പരിചയസമ്പന്നരായ താരങ്ങളായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ്മ, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ തുടങ്ങിയവരില്‍ നിന്ന് പഠിക്കാനാണ് ശ്രമിക്കുന്നത്. എനിക്കായി ജോസ് ബട്‌ലര്‍ വിക്കറ്റ് ത്യജിച്ചു. ഇത്തരം സംഭവങ്ങള്‍ ക്രിക്കറ്റിലുണ്ടാകും എന്ന് നമുക്കറിയാം. ബട്‌ലറെ ഏറെ ബഹുമാനിക്കുന്നു. ബട്‌ലര്‍ പുറത്തായതോടെ കൂടുതല്‍ ഉത്തരവാദിത്തം ഞാന്‍ കാണിച്ചു. മികച്ച പ്രകടനം പുറത്തെടുക്കാന്‍ അത് പ്രചോദനമായി. കരിയറില്‍ ഏറെക്കാലം ഓര്‍ത്തിരിക്കാവുന്ന ഇന്നിംഗ്‌സാണിത്. അത്ര മികച്ച ഇന്നിംഗ്‌സാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ പുറത്തെടുത്തത്' എന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയുടെ 149 റണ്‍സാണ് യശസ്വി-സഞ്ജു വെടിക്കെട്ടില്‍ അനായാസം റോയല്‍സ് മറികടന്നത്.
Read more: ഈ മുംബൈ ഇന്ത്യന്‍സ് ചില്ലറ ടീമല്ല, മുട്ടുമ്പോള്‍ സൂക്ഷിച്ച് വേണം; നേടിയത് തകര്‍പ്പന്‍ റെക്കോര്‍ഡ‍്