'ഞാനാണേല്‍ എല്ലാ മത്സരത്തിലും കളിപ്പിക്കും'; സഞ്ജു സാംസണ് ഇതിലും വലിയ പ്രശംസ കിട്ടാനില്ല
മ്പും പലകുറി സഞ്ജു സാംസണിന്‍റെ ബാറ്റിംഗിനെ പ്രശംസിച്ചിട്ടുള്ളയാളാണ് ഹര്‍ഷ ഭോഗ്‌ലെ
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌പെഷ്യല്‍ ടാലന്‍ഡാണ് സഞ്ജു സാംസണ്‍ എന്നത് വിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന കാര്യമാണ്. സഞ്ജുവിന് സ്ഥിരതയില്ല എന്നതായിരുന്നു അദേഹത്തിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം ലഭിക്കാതിരിക്കാന്‍ കാരണം എന്ന് പലരും വിലയിരുത്തുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറെയും ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സിനെയും പോലെ മത്സരഫലം ഒറ്റയ്‌ക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ബാറ്ററാണ് സഞ്ജു എന്നത് പലരും മറക്കുന്നു. ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ സഞ്ജുവിന്‍റെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് അദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നാണ്. ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകം ഏറെ പ്രശംസകള്‍ കൊണ്ട് സഞ്ജുവിനെ മൂടുമ്പോള്‍ അതിലേറെ ശ്രദ്ധേയം വിഖ്യാത കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുടെ വാക്കുകളാണ്.
ഞാനാണെങ്കില്‍ സഞ്ജു സാംസണെ ഇന്ത്യന്‍ ടി20 ടീമില്‍ എല്ലാ മത്സരത്തിലും കളിപ്പിക്കും എന്നായിരുന്നു മത്സര ശേഷം ഹര്‍ഷ ഭോഗ്‌ലെയുടെ ട്വീറ്റ്. മുമ്പും പലകുറി സഞ്ജു സാംസണിന്‍റെ ബാറ്റിംഗിനെ പ്രശംസിച്ചിട്ടുള്ളയാളാണ് ഹര്‍ഷ ഭോഗ്‌ലെ. അദേഹത്തിന്‍റെ വാക്കുകള്‍ ശരിയാണ് എന്ന് തെളിയിക്കുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മലയാളി താരം പുറത്തെടുത്തത്. മറുപടി ബാറ്റിംഗില്‍ 2.5 ഓവറില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനെയും ജോസ് ബട്‌ലറെയും വൈകാതെ ദേവ്‌ദത്ത് പടിക്കലിനേയും നഷ്‌ടപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനെ അവിശ്വസനീയമാം വിധം മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് സഞ്ജുവിന്‍റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്‌ടമാകുമ്പോള്‍ 10.3 ഓവറില്‍ 54 റണ്‍സ് മാത്രമാണ് റോയല്‍സിനുണ്ടായിരുന്നത്. എന്നാല്‍ 32 പന്തില്‍ 60 നേടിയ സഞ്ജു സാംസണും 10 പന്തില്‍ 18 നേടിയ ധ്രുവ് ജൂരെലും 3 പന്തില്‍ പത്തടിച്ച രവിചന്ദ്രന്‍ അശ്വിനും 26 പന്തില്‍ പുറത്താവാതെ 56* നേടിയ ഷിമ്രോന്‍ ഹെറ്റ്‌മെയറും റോയല്‍സിന് 19.2 ഓവറില്‍ മൂന്ന് വിക്കറ്റിന്‍റെ വിസ്‌മയ ജയം സമ്മാനിക്കുകയായിരുന്നു.
Read more: സഞ്ജു സാംസണ്‍ സ്‌പെഷ്യല്‍ താരം, ധോണിയെ പോലെ, ഇന്ത്യന്‍ ടീമിലെടുക്കണം; വാദിച്ച് ഹര്‍ഭജന്‍