പവര്‍പ്ലേയിലെ തീപാറും ബൗളിംഗ്; ഏഴ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഷമി
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പവര്‍പ്ലേ ബൗളിംഗ് പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുഹമ്മദ് ഷമി അഹമ്മദാബാദില്‍ പുറത്തെടുത്തത്
അഹമ്മദാബാദ്: പതിനാറ് സീസണുകള്‍ നീണ്ട ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ ബൗളിംഗുകള്‍ക്കൊന്നിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ആറ് ഓവറിനിടെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അഞ്ച് ബാറ്റര്‍മാര്‍ കൂടാരം കയറിയപ്പോള്‍ തന്‍റെ മൂന്ന് ഓവറില്‍ വെറും ഏഴ് റണ്‍സിന് നാല് വിക്കറ്റുമായി അമ്പരപ്പിക്കുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. ഇതോടെ ഐപിഎല്ലിലെ ഒരു റെക്കോര്‍ഡ് ഷമിക്ക് സ്വന്തമായി.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പവര്‍പ്ലേ ബൗളിംഗ് പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുഹമ്മദ് ഷമി അഹമ്മദാബാദില്‍ പുറത്തെടുത്തത്. 2012ല്‍ കൊച്ചി ടസ്‌ക്കേഴ്‌സ് കേരളക്കെതിരെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി 12 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ പേസര്‍ ഇഷാന്ത് ശര്‍മ്മയാണ് റെക്കോര്‍ഡ് പട്ടികയില്‍ തലപ്പത്ത്. ഇഷാന്ത് മാത്രമേ ഐപിഎല്ലില്‍ ഇതുവരെ പവര്‍പ്ലേയില്‍ അഞ്ച് വിക്കറ്റ് പിഴുതിട്ടുള്ളൂ. ഏഴ് റണ്‍സിന് ഡല്‍ഹിയുടെ നാല് പേരെ പുറത്താക്കി മുഹമ്മദ് ഷമി രണ്ടാമത് നില്‍ക്കുമ്പോള്‍ എട്ട് റണ്‍സിന് നാല് വിക്കറ്റ് നേടിയ ധവാല്‍ കുല്‍ക്കര്‍ണിയാണ് മൂന്നാം സ്ഥാനത്ത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നാല് വിക്കറ്റുകളാണ് കുല്‍ക്കര്‍ണി പിഴുതത്.
അഹമ്മദാബാദില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വെറും 28 റണ്‍സ് മാത്രമാണ് പവര്‍പ്ലേയ്‌ക്കിടെ നേടാനായത്. ഇതിനിടെ നഷ്‌ടമായ അഞ്ചില്‍ നാല് വിക്കറ്റുകളും മുഹമ്മദ് ഷമി പേരിലാക്കി. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ ഷമി ഗോള്‍ഡന്‍ ഡക്കാക്കിയപ്പോള്‍ ഡേവിഡ് മില്ലറിനായിരുന്നു ക്യാച്ച്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ(2 പന്തില്‍ 2) റാഷിദ് ഖാന്‍ റണ്ണൗട്ടാക്കി. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഷമി, റൈലി റൂസ്സോയെ(6 പന്തില്‍ 8) വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഷമിയുടെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡെ(4 പന്തില്‍ 1) സാഹയുടെ പറക്കും ക്യാച്ചില്‍ മടങ്ങി. അവസാന പന്തില്‍ പ്രിയം ഗാര്‍ഗ്(14 പന്തില്‍ 10) സാഹയുടെ കൈകളിലെത്തിയതോടെ പവര്‍പ്ലേയ്‌ക്കിടെ ഷമിക്ക് ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റായി.