കെ എല്‍ രാഹുലിന് പരിക്ക്, മടങ്ങിയത് മുടന്തി; കനത്ത ആശങ്ക, കണ്ണീരോടെ ആരാധകര്‍
മുടന്തി നടക്കാന്‍ ശ്രമിച്ച രാഹുലിനായി സ്‌ട്രെച്ചര്‍ മൈതാനത്തേക്ക് കൊണ്ടുവന്നിരുന്നു
ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ ആശങ്കയായി കെ എല്‍ രാഹുലിന്‍റെ പരിക്ക്. ഇന്നിംഗ്‌സിലെ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ രണ്ടാം ഓവറില്‍ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ഉടനെ സഹതാരങ്ങളും ഫിസിയോയും എത്തി രാഹുലിനെ പരിശോധിച്ചു. മുടന്തി നടക്കാന്‍ ശ്രമിച്ച രാഹുലിനായി സ്‌ട്രെച്ചര്‍ മൈതാനത്തേക്ക് കൊണ്ടുവന്നിരുന്നു. ക്യാപ്റ്റനായ കെ എല്‍ രാഹുലിന്‍റെ പരിക്കിലുള്ള ആശങ്ക ലഖ്‌നൗ ടീം ക്യാംപില്‍ കാണാമായിരുന്നു. രാഹുല്‍ ബാറ്റിംഗിനായി മടങ്ങിയെത്തുമോ എന്ന് വ്യക്തമല്ല.
മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 42 റണ്‍സിലെത്തി. പതിവിലും വേഗക്കുറവിലാണ് ഇന്നിംഗ്‌സ് തുടങ്ങിയതെങ്കിലും മികച്ച സ്കോറിലെത്താമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി. ബാംഗ്ലൂരിന്‍റെ സീസണിലെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്കോറാണിത്. ലഖ്‌നൗവിലെ കനത്ത മഴയ്‌ക്ക് ശേഷമാണ് മത്സരം ആരംഭിച്ചത്. ഫാഫ് ഡുപ്ലസിസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോള്‍ ടോസ് നേടിയ ആര്‍സിബി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ നിരയില്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് മടങ്ങിയെത്തിയതാണ് ശ്രദ്ധേയം.
പ്ലേയിംഗ് ഇലവനുകള്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, അനുജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, സുയാഷ് പ്രഭുദേശായ്, വനിന്ദു ഹസരങ്ക, കരണ്‍ ശര്‍മ്മ, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: കെ എല്‍ രാഹുല്‍, കെയ്ല്‍ മെയേഴ്‌സ്, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍, കെ ഗൗതം, രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ്, അമിത് മിശ്ര, യഷ് ഠാക്കൂര്‍.
Read more: അല്ലേലും സിഎസ്‌കെ ആരാധകര്‍ വേറെ ലെവലാണ്; ചിയര്‍ലീഡേഴ്‌സിനൊപ്പമുള്ള ഡാന്‍സ് വൈറല്‍