അവന്‍ വഖാര്‍ യൂനിസിനെ അനുസ്മരിപ്പിക്കുന്നു; ഹൈദരാബാദ് പേസറെ പ്രശംസകൊണ്ട് മൂടി ശ്രീകാന്ത്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച 21കാരനായ ഉമ്രാന്‍ മാലിക്ക് ജമ്മു കശ്മീരില്‍ നിന്നുള്ള താരമാണ്. കൊവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്.
ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) എതിരായ മത്സരത്തില്‍ 151 കി.മീ വേഗതയില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഉമ്രാന്‍ മാലിക്കിനെ(Umran Malik) പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ ടീം മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്(Kris Srikkanth). ഉമ്രാന് മികച്ച ഭാവിയുണ്ടെന്നും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്നും പറഞ്ഞ ശ്രീകാന്ത് യുവതാരത്തിന്‍റെ ബൗളിംഗ് ആക്ഷനും താളാത്മകമായ റണ്ണപ്പും പാക് പേസ് ഇതിഹാസം വഖാര്‍ യൂനിസിനെ അനുസ്മരിപ്പിക്കുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച 21കാരനായ ഉമ്രാന്‍ മാലിക്ക് ജമ്മു കശ്മീരില്‍ നിന്നുള്ള താരമാണ്. കൊവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്.
ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്. ആ മത്സരത്തില്‍ നാലു വിക്കറ്റുമെടുത്തു. ഇതാണ് ഫ്രാഞ്ചൈസിയുടെ കണ്ണ് പതിയാന്‍ കാരണം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് നടരാജന് കൊവിഡ് പിടിപെട്ടത്.
കൊല്‍ക്കത്തക്കെതിരെ കളിച്ച ആദ്യ മത്സരത്തില്‍ തന്നെ പേസ് കൊണ്ട് ഉമ്രാന്‍ മാലിക് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് മാലിക്ക് ഞെട്ടിച്ചത്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ താരം 27 റണ്‍സേ വിട്ടുകൊടുത്തുള്ളൂ. മത്സരത്തില്‍ രണ്ട് പന്തുകളാണ് ഉമ്രാന്‍ മാലിക് 150 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞത്. 151.03 കി.മീ ആയിരുന്നു ഏറ്റവും വേഗമേറിയ പന്ത്.
മത്സരത്തില്‍ സ്ഥിരമായി 145 കിലോ മീറ്റര്‍ വേഗത്തിന് മുകളില്‍ പന്തെറിയാനും മാലിക്കിനായി. ഐപിഎല്‍ പതിനാലാം സീസണിലെ വേഗമേറിയ 10 പന്തുകളിലൊന്നും ഇന്ത്യന്‍ താരങ്ങളിലെ വേഗമേറിയ പന്തും 21 വയസുകാരനായ മാലിക്കിന്‍റെ ഈ ബോളിനാണ്.