സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി; സ്റ്റാര്‍ പേസര്‍ക്ക് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കും. താരം ഉടന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തിരിക്കുമെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി.
ചെന്നൈ: ഐപിഎല്ലില്‍ വരും മത്സരങ്ങള്‍ക്കൊരുങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ ടി നടരാജന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കും. താരം ഉടന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തിരിക്കുമെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി.
സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് 30കാരന്‍ ഹൈദരാബാദിന് വേണ്ടി കളിച്ചത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തിലാണ് നടരാജന്‍ അവസാനമായി കളിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം എന്‍സിഎയ്ക്ക് കീഴിലായിരുന്നു നടരാജന്‍. താരത്തോട് എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷം ഹൈദരാബാദ് ക്യാപ്റ്റന്‍ നടരാജനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ സീസണ്‍ നഷ്ടമാകുന്നതിനെ കുറിച്ച് സൂചനയൊന്നും നല്‍കിയിരുന്നില്ല. നേരത്തെ, ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ ഇശാന്ത് ശര്‍മയ്ക്കും ഇതേ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ താരം പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായെന്ന് ഡല്‍ഹി കാപിറ്റല്‍സ് അറിയിച്ചു.
നിലവില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് രണ്ട് പോയിന്റുമായി പട്ടികയില്‍ അഞ്ചാമതാണ്. ഒരു ജയവും മൂന്ന് തോല്‍വിയുമാണ് ഹൈദരാബാദിനുള്ളത്. ഈ സാഹചര്യത്തില്‍ നടരാജന്റെ അഭാവം എങ്ങനെ മറികടക്കുമെന്നാണ് അറിയേണ്ടത്.