എറിഞ്ഞു വീഴ്ത്തി റബാഡയും നോര്‍ട്യയും; ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് 135 റണ്‍സ് വിജയലക്ഷ്യം
ടോസിലെ ഭാഗ്യം ഹൈദരാബാദിനെ ബാറ്റിംഗില്‍ തുണച്ചില്ല.മോശം ഫോമിനെത്തുടര്‍ന്ന് ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ ഡേവിഡ് വാര്‍ണര്‍(0) ആദ്യ ഓവറില്‍ നോര്‍ട്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 റണ്‍സെടുത്ത അബ്ദുള്‍ സമദാണ്(Abdul Samad) ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി കാഗിസോ റബാഡയും(Kagiso Rabada) മൂന്നും ആന്‍റിച്ച് നോര്‍ട്യയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
തകര്‍ച്ചയോടെ തുടക്കം, പിടിച്ചു നില്‍ക്കാതെ വില്യംസണും
ടോസിലെ ഭാഗ്യം ഹൈദരാബാദിനെ ബാറ്റിംഗില്‍ തുണച്ചില്ല.മോശം ഫോമിനെത്തുടര്‍ന്ന് ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ ഡേവിഡ് വാര്‍ണര്‍(0) ആദ്യ ഓവറില്‍ നോര്‍ട്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് ഹൈദരാബാദിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും സാഹയെ മടക്കി റബാഡ പവര്‍പ്ലേയിലെ ഹൈദരാബാദിന്‍റെ കുതിപ്പിന് തടയിട്ടു.
കൈവിട്ടുകളിച്ച് ഡല്‍ഹി; എന്നിട്ടും നിലയുറപ്പിക്കാതെ വില്യംസണ്‍
കെയ്ന്‍ വില്യംസണ്‍ നല്‍കിയ രണ്ട് അനായാസ അവസരങ്ങള്‍ റിഷഭ് പന്തും പൃഥ്വി ഷായും കൈവിട്ടെങ്കിലും വില്യംസണ് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനായില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ അക്സര്‍ പട്ടേലിന്‍റെ പന്തില്‍ ഹെറ്റ്മെയര്‍ വില്യംസണെ(18) ലോംഗ് ഓഫില്‍ പിടികൂടി.
നടുവൊടിച്ച് റബാഡയും നോര്‍ട്യയും
മുന്‍നിര മടങ്ങിയതിന് പിന്നാലെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച മനീഷ് പാണ്ഡെയെ(17) റബാഡയും കേദാര്‍ ജാദവിനെ(3) നോര്‍ട്യയും മടക്കിയതോടെ ഹൈദരാബാദിന്‍റെ നടുവൊടിഞ്ഞു. ജേസണ്‍ ഹോള്‍ഡറെ(10) അക്സര്‍ പൃഥ്വി ഷായുടെ കൈകളിലെത്തിച്ചതോടെ ഹൈദരാബാദിന്‍റെ പോരാട്ടം കഴിഞ്ഞു. അവസാന ഓവറുകളില്‍ റാഷിദ് ഖാന്‍(19 പന്തില്‍ 22) നടത്തിയ വെടിക്കെട്ടാണ് ഹൈദരാബാദിനെ റണ്‍സിലെത്തിച്ചത്. വൈഡുകളും നോബോളുകളുമായിഎക്സ്ട്രാ ഇനത്തില്‍ 12 റണ്‍സ് സംഭാവന നല്‍കിയ ഡല്‍ഹി ബൗളര്‍മാരും ഹൈദരാബാദിനെ കൈയയച്ച് സഹായിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona