രാജ്യത്തിന്‍റെ കൊവിഡ് പോരാട്ടം; 30 കോടി രൂപ പ്രഖ്യാപിച്ച് ഐപിഎല്‍ ടീമുടമകള്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും വിവിധ സന്നദ്ധസംഘടകളുടേയും പദ്ധതികള്‍ക്കാണ് തുക കൈമാറുന്നത്. 

IPL 2021 Sunrisers Hyderabad owners donate Rs 30 crore in Indias COVID fight

ഹൈദരാബാദ്: ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഉടമകള്‍ രാജ്യത്തെ കൊവിഡ് പോരാട്ടത്തിന് 30 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും കൊവിഡ് ബാധിതര്‍ക്ക് ഓക്‌സിജനും മരുന്നും എത്തിക്കുന്ന വിവിധ സന്നദ്ധസംഘടകളുടേയും പദ്ധതികള്‍ക്കാണ് തുക കൈമാറുന്നത്. 

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഇന്ത്യക്ക് വലിയ സഹായഹസ്‌തമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുണ്ടാവുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്(50,000 ഡോളര്‍) ഇതിന് തുടക്കമിട്ടത്. മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിനും(ഏകദേശം 40 ലക്ഷത്തോളം രൂപ), ക്രിക്കറ്റ് ഓസ്‌‌ട്രേലിയ പ്രാഥമിക സഹായമായി 50,000 ഡോളറും(37 ലക്ഷം രൂപ) പ്രഖ്യാപിച്ചു. കൂടുതല്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും. പഞ്ചാബ് കിംഗ്‌സിന്‍റെ വിന്‍ഡീസ് ബാറ്റ്സ്‌മാന്‍ നിക്കോളാസ് പുരാനും സഹായം അറിയിച്ചിട്ടുണ്ട്. 

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1 കോടി രൂപ), ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍(20 ലക്ഷം രൂപ), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ശ്രീവാത്‌സ് ഗോസ്വാമി(90,000 രൂപ), രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ട്(ഐപിഎല്‍ സാലറിയുടെ 10 ശതമാനം) എന്നിവരും ഐപിഎല്ലിനിടെ കൊവിഡ് സഹായം പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും 2 കോടി രൂപയും നല്‍കി. ഇരുവരും ചേര്‍ന്ന് തുടക്കമിട്ട ഏഴ് കോടി രൂപയുടെ ധനസമാഹരണ ക്യാംപയിന്‍റെ ഭാഗമാണിത്. 

ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായം കൈമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios