ഓപ്പണര്‍മാര്‍ മടങ്ങി; കൊല്‍ക്കത്തയ്‌ക്കെതിരെ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് പ്രതിരോധത്തില്‍
ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹ (7), ഡേവിഡ് വാര്‍ണര്‍ (3) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഹൈദരബാദിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്ലില്‍ 188 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മോശം തുടക്കം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന് 45 എന്ന നിലയിലാണ് ഹൈദരാബാദ്. ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹ (7), ഡേവിഡ് വാര്‍ണര്‍ (3) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ജോണി ബെയര്‍സ്‌റ്റോ (19), മനീഷ് പാണ്ഡെ (20) എന്നിവരാണ് ക്രീസില്‍. ലൈവ് സ്‌കോര്‍.
ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഹൈദരബാദിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ തന്നെ വാര്‍ണര്‍ മടങ്ങി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന് ക്യാച്ച് നല്‍കുകയായിരുന്നു വാര്‍ണര്‍. തൊട്ടടുത്ത ഓവറില്‍ സാഹയും പവലിയനില്‍ തിരിച്ചെത്തി. ഷാക്കിബിന്റെ പന്തില്‍ സാഹ ബൗള്‍ഡാവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സ് നേടിയത്. ഒരുഘട്ടത്തില്‍ 200നപ്പുറമുള്ള സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മധ്യനിര പരാജയമായി. 80 റണ്‍സ് നേടിയ നിതീഷ് റാണയാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രാഹുല്‍ ത്രിപാഠി (53)യും മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാന്‍ സ്പിന്നര്‍മാരായ മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മോഹിപ്പിക്കുന്ന തുടക്കമാണ് കൊല്‍ക്കത്തയ്്ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ (15)- റാണ സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗില്ലിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കിയെങ്കിലും പിന്നീട് വന്ന ത്രിപാഠി പിടിച്ചതിലും വലുതായിരുന്നു. റാണയ്ക്ക് വലിയ പിന്തുണ നല്‍കിയ ത്രിപാഠി 29 പന്തിലാണ് ഇത്രയും റണ്‍സെടുത്തത്. ഇതില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും. 93 റണ്‍സ് റാണയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ക്കാനും താരത്തിനായി. എന്നാല്‍ ത്രിപാഠി മടങ്ങിയതോടെ കൊല്‍ക്കത്തയ്ക്ക പ്രതീക്ഷിച്ച സ്‌കോര്‍ നേടനായില്ല. 14 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായി.
ആന്ദ്രേ റസ്സല്‍ (5), ഓയിന്‍ മോര്‍ഗന്‍ (2), ഷാക്കിബ് അല്‍ ഹസന്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഇവര്‍ക്കൊപ്പം റാണയും കൂടാരം കയറി. ദിനേശ് കാര്‍ത്തികാണ് (9 പന്തില്‍ പുറത്താവാതെ 22) കൊല്‍ക്കത്തയുടെ സ്‌കോര്‍ 180 കടത്തിയത്. റാഷിദ്, നബി എന്നിവര്‍ക്ക പുറമെ നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.