ധോണി പതിവ് സ്റ്റൈലില്‍ ഫിനിഷ് ചെയ്‌തു; 'തല'യെയും സിഎസ്‌കെയേയും വാഴ്‌ത്തിപ്പാടി മുന്‍താരങ്ങള്‍
ഫിനിഷ് ചെയ്യാന്‍ ധോണിയും സിക്‌സും. കഥ ഇതുവരെ അവസാനിച്ചിട്ടില്ല...എന്നായിരുന്നു ഹര്‍ഷാ ഭേഗ്‌ലെയുടെ ട്വീറ്റ്
ഷാര്‍ജ: ഐപിഎൽ പതിനാലാം സീസണിൽ(IPL 2021) പ്ലേ ഓഫിലെത്തിയ ആദ്യ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനെ(Chennai Super Kings) പ്രശംസ കൊണ്ടുമൂടി മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍. ഇന്ത്യന്‍ മുന്‍താരങ്ങളായ ആകാശ് ചോപ്ര(Aakash Chopra), ഇര്‍ഫാന്‍ പത്താന്‍(Irfan Pathan), പ്രമുഖ കമന്‍റേറ്റര്‍ ഹര്‍ഷാ ഭേഗ്‌ലെ(Harsha Bhogle) എന്നിവര്‍ പ്രശംസയുമായി രംഗത്തെത്തി. സിക്‌സര്‍ നേടി മത്സരം ഫിനിഷ് ചെയ്‌ത വിന്‍റേജ് ധോണിയെ(MS Dhoni) അഭിനന്ദിക്കാന്‍ ഭോഗ്‌ലെ മറന്നില്ല.
ഫിനിഷ് ചെയ്യാന്‍ ധോണിയും സിക്‌സും. കഥ ഇതുവരെ അവസാനിച്ചിട്ടില്ല...എന്നായിരുന്നു ഹര്‍ഷാ ഭേഗ്‌ലെയുടെ ട്വീറ്റ്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് നഷ്‌ടമായ ശേഷം ഈ സീസണില്‍ പ്ലേഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയ ചെന്നൈയുടെ ശക്തമായ തിരിച്ചുവരവിനാണ് ആകാശ് ചോപ്രയുടെ കയ്യടി. ചെന്നൈയുടെ വിജയത്തിന് വിന്‍റേജ് സിഎസ്‌കെയുടെ നല്ല പഴയ കഥ എന്ന കുറിപ്പോടെയായിരുന്നു ഇര്‍ഫാന്‍ പത്താന്‍റെ ട്വീറ്റ്.
ധോണിയുടെ തനത് ഫിനിഷിംഗ്
സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് പ്ലേ ഓഫിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മുന്നേറ്റം. ഹൈദരാബാദിന്റെ 134 റൺസ് ചെന്നൈ രണ്ട് പന്ത് ശേഷിക്കേ മറികടന്നു. പതിനൊന്നാം തവണയാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്നത്. ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ ധോണിയുടെ സിക്‌സിലൂടെ ചെന്നൈ ജയം സ്വന്തമാക്കുകയായിരുന്നു. ധോണി 11 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.
45 റണ്‍സെടുത്ത റിതുരാജ് ഗെയ്‌ക്‌വാദും 41 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയും ചേര്‍ന്നാണ് ചെന്നെയുടെ ജയം അനായാസമാക്കിയത്. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-134/7 (20), ചെന്നൈ സൂപ്പര്‍ കിംഗ്സ്-139/4 (19.4). നാല് ഓവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ സിഎസ്‌കെ പേസര്‍ ജോഷ് ഹേസല്‍വുഡാണ് കളിയിലെ താരം.
ചെന്നൈ ഒൻപതാം ജയത്തോടെ പ്ലേ ഓഫിലേക്ക് ചേക്കേറിയപ്പോള്‍ ഒൻപതാം തോൽവിയോടെ ഹൈദരാബാദ് പുറത്തായി. പ്ലേ ഓഫ് ഉറപ്പാക്കിയ സൂപ്പർ കിംഗ്സിന് ഇനി മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. നാളെ രാജസ്ഥാൻ റോയൽസാണ് ചെന്നൈയുടെ അടുത്ത എതിരാളികൾ. തിങ്കളാഴ്‌ച ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്ന ചെന്നൈ അവസാന ലീഗ് മത്സരത്തിൽ വ്യാഴാഴ്‌ച പഞ്ചാബ് കിംഗ്സുമായി ഏറ്റുമുട്ടും.
വിക്കറ്റിന് പിന്നില്‍ 'സെഞ്ചുറി'; ചെന്നൈ കുപ്പായത്തില്‍ ചരിത്രമെഴുതി 'തല'