ഹോള്‍ഡറും റാഷിദും മിന്നി, മാക്‌സ്‌വെല്‍ പിടിച്ചുനിന്നു; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം
നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത്.
ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് (59) മാത്രമാണ് ആശ്വാസമായത്. ചിട്ടയായ പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാണിച്ചു. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത്. റാഷിദ് ഖാന്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ലൈവ് സ്‌കോര്‍.
പവര്‍പ്ലേ കഴിഞ്ഞ ആദ്യ പന്തില്‍ തന്നെ ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടമായി. കൊവിഡ് മുക്തനായി ടീമില്‍ തിരിച്ചെത്തിയ ദേവ്ദത്ത് പടിക്കല്‍ (11), ഷഹാബാസ് അഹമ്മദ് (14) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ 47 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ ഒത്തുചേര്‍ന്ന വിരാട് കോലി (33)- മാക്‌സ്‌വെല്‍ സഖ്യമാണ് തകര്‍ച്ചയില്‍ തുണയായത്. ഇരുവരും 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോലി ഹോള്‍ഡറുടെ പന്തില്‍ പുറത്തായി. പിന്നീടെത്തിയ എബി ഡിവില്ലിയേഴ്‌സ് (1), വാഷിംഗ്്ടണ്‍ സുന്ദര്‍ (8), ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. എട്ടാമനായെത്തിയ കെയ്ല്‍ ജാമിസണ്‍ (12) ഭേദപ്പെട്ട നിര്‍ണായക സംഭാവന നല്‍കി. അവസാനങ്ങളില്‍ മാക്‌സ്‌വെല്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150ന് അടുത്തെത്തിച്ചത്. 41 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ്. അവസാന പന്തില്‍ ഹോള്‍ഡര്‍ക്് വിക്കറ്റ് നല്‍കിയാണ് മാക്‌സവെല്‍ മടങ്ങുന്നത്. 2016ന് ശേഷം ആദ്യമായിട്ടാണ് ഓസ്‌ട്രേലിയന്‍ താരം ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്നത്.
നേരത്തെ, മുംബൈക്കെതിരെ കളിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. കൊവിഡ് മുക്തനായ ദേവ്ദത്ത് ടീമില്‍ തിരിച്ചെത്തുകയായിരുന്നു. രജിത് പട്യാദര്‍ വഴിമാറി. പടിക്കലിനൊപ്പം കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഹൈദരാബാദ് രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുഹമ്മദ് നബി, സന്ദീപ് ശര്‍മ എന്നിവര്‍ പുറത്തായി. ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവരാണ് പകരക്കാര്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഷഹ്ബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, കെയ്ല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: വൃദ്ധിമാന്‍ സാഹ, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, ജോണി ബെയര്‍സ്‌റ്റോ, വിജയ് ശങ്കര്‍, ജേസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഷഹ്ബാസ് നദീം.