ആഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കില്ലല്ലോ; കോലിയുടെ ഐപിഎല്‍ കിരീടനഷ്ടത്തെക്കുറിച്ച് ഗവാസ്കര്‍
അവസാന ഇന്നിംഗ്സില്‍ നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായിരുന്നെങ്കില്‍ ബ്രാഡ്മാന് ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി 100 ആക്കാമായിരുന്നു. പൂജ്യത്തിന് പുറത്തായ അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. അതുപോലെ അവസാന ടെസ്റ്റ് ഇന്നിംഗ്സ് സെഞ്ചുറിയോടെ അവസാനിപ്പിക്കണമെന്ന് സച്ചിന്‍ ആഗ്രഹിച്ചിരുന്നിരിക്കാം.
ദുബായ്: ഐപിഎല്ലില്‍(IPL 2021) കിരീടമില്ലാതെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍( Royal Challengers Bangalore) ക്യാപ്റ്റന്‍ വിരാട് കോലിയെ(Virat Kohli) ഇതിഹാസ താരങ്ങളായ സര്‍ ഡോണ്‍ ബ്രാഡ്മാനോടും സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് ഉപമിച്ച് മുന്‍ താരം സുനില്‍ ഗവാസ്കര്‍(Sunil Gavaskar). എല്ലാവരും ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ നിങ്ങളോ നിങ്ങളുടെ ആരാധകരോ ആഗ്രഹിക്കുന്നതുപോലെ എല്ലായ്പ്പോഴും കാര്യങ്ങള്‍ നടക്കണമെന്നില്ലല്ലോ എന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ സംഭാഷണമധ്യേ ചോദിച്ചു.
അവസാന ഇന്നിംഗ്സില്‍ നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായിരുന്നെങ്കില്‍ ബ്രാഡ്മാന് ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി 100 ആക്കാമായിരുന്നു. പൂജ്യത്തിന് പുറത്തായ അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. അതുപോലെ അവസാന ടെസ്റ്റ് ഇന്നിംഗ്സ് സെഞ്ചുറിയോടെ അവസാനിപ്പിക്കണമെന്ന് സച്ചിന്‍ ആഗ്രഹിച്ചിരുന്നിരിക്കാം. പക്ഷെ അദ്ദേഹം 79( 74 റണ്‍സാണ് സച്ചിന്‍ സ്കോര്‍ ചെയ്തത്) റണ്‍സെടുത്ത് പുറത്തായി. 79 റണ്‍സ് അത്ര മോശം സ്കോറല്ല. പക്ഷെ സെഞ്ചുറി ഒരു ശീലമാക്കിയ ആള്‍ക്ക് ബാക്കിയുള്ള 21 റണ്‍സ് കൂടി നേടി ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കണമെന്നായിരുന്നിരിക്കും ആഗ്രഹം.
മുന്‍കൂട്ടി എഴുതിവച്ച തിരക്കഥവെച്ച് എല്ലായ്പ്പോഴും കാര്യങ്ങള്‍ നടക്കണമെന്നില്ല. ഏറ്റവും ഉന്നതിയില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ എല്ലാവര്‍ക്കും ഭാഗ്യം കിട്ടണമെന്നുമില്ല. പക്ഷെ ആര്‍സിബിക്കായി കോലി ചെയ്ത കാര്യങ്ങളില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കരിയറില്‍ ഒരു വര്‍ഷം ആര്‍സിബിക്കായി 973 റണ്‍സ് കോലി നേടിയിരുന്നു. 1000 തികക്കാന്‍ വെറും 27 റണ്‍സിന്‍റെ കുറവ്. 1000 റണ്‍സ് ആരെങ്കിലും തികക്കുമോ എന്നതുതന്നെ സംശയമാണെന്നും ഗവാസ്കര്‍ പറഞ്ഞു.
ഐപിഎല്‍ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് നാലു വിക്കറ്റിന് തോറ്റാണ് ബാംഗ്ലൂര്‍ പുറത്തുപോയത്. 140 മത്സരങ്ങളില്‍ ബാഗ്ലൂരിനെ നയിച്ച കോലിക്ക് 66 വിജയങ്ങളും 70 തോല്‍വികളുമാണുള്ളത്. 2016ല്‍ ബാംഗ്ലൂരിനെ റണ്ണേഴ്സ് അപ്പ് ആക്കിയതാണ് കോലിയുടെ ഏറ്റവും മികച്ച നേട്ടം.