ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് ധവാന്‍, ഒപ്പം അപൂര്‍വനേട്ടവും
ഓറഞ്ച് ക്യാപ്പിനൊപ്പം മറ്റൊരു അപൂര്‍വനേട്ടവും ധവാന്‍ ഇന്ന് സ്വന്തമാക്കി. തുടര്‍ച്ചയായി ആറ് ഐപിഎല്‍ സീസണുകളില്‍ 400ല്‍ അധികം റണ്‍സ് നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററെന്ന നേട്ടമാണ് ധവാന്‍ ഇന്ന് സ്വന്തം പേരിലാക്കിയത്.
ദുബായ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ശിഖര്‍ ധവാന്‍(Shikhar Dhawan) ഐപിഎല്ലിലെ(IPL 2021) റണ്‍വേട്ട തുടരുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ തുടക്കത്തില്‍ വലിയ ആവേശം പുറത്തെടുക്കാതെ കളിച്ച ധവാന്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാഷിദ് ഖാനെ സിക്സിന് പറത്തിയാണ് ടോപ് ഗിയറിലായത്.
ആറ് ഫോറും ഒരു സിക്സും സഹിതം 37 പന്തില്‍ 42 റണ്‍സെടുത്ത് പുറത്തായ ധവാന്‍ ഐപിഎല്ലിലെ റണ്‍വേട്ടക്കുള്ള ഓറഞ്ച് ക്യാപ്(Orange Cap) കെ എല്‍ രാഹുലില്‍(KL Rahul) നിന്ന് തിരിച്ചു പിടിച്ചു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 52.75 ശരാശരിയില്‍ 131.87 സ്ട്രൈക്ക് റേറ്റില്‍ 422 റണ്‍സാണ് ധവാന്‍ ഈ സീസണില്‍ ഇതുവരെ നേടിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 380 റണ്‍സടിച്ച പഞ്ചാബ് കിംഗ്സ് നായകന്‍ രാഹുലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ധവാന്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.
Also Read: ക്രിക്കറ്റില്‍ നിന്ന് 'ബാറ്റസ്മാന്‍' ഔട്ട്; പുതിയ നിയമപരിഷ്കാരവുമായി എംസിസി
ഓറഞ്ച് ക്യാപ്പിനൊപ്പം മറ്റൊരു അപൂര്‍വനേട്ടവും ധവാന്‍ ഇന്ന് സ്വന്തമാക്കി. തുടര്‍ച്ചയായി ആറ് ഐപിഎല്‍ സീസണുകളില്‍ 400ല്‍ അധികം റണ്‍സ് നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററെന്ന നേട്ടമാണ് ധവാന്‍ ഇന്ന് സ്വന്തം പേരിലാക്കിയത്. ചെന്നൈ താരം സുരേഷ് റെയ്ന (2008 മുതല്‍ 2014വരെ), ഹൈദരാബാദ് നായകനായിരുന്ന ഡേവിഡ് വാര്‍ണര്‍(2013 മുതല്‍ 2020 വരെ) എന്നിവരാണ് ധവാന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. വാര്‍ണര്‍ ഏഴ്സ സീസണുകളില്‍ 400 ന് മുകളില്‍ സ്കോര്‍ ചെയ്തുവെന്ന അപൂര്‍വതയുമുണ്ട്.
ഐപിഎല്ലിന്‍റെ ആദ്യഘട്ടത്തില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 380 റണ്‍സായിരുന്നു ധവാന്‍റെ പേരിലുണ്ടായിരുന്നത്. ധവാന്‍റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവില്‍ അനായാസ ജയം സ്വന്തമാക്കിയ ഡല്‍ഹി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona