ഇപ്പോഴാണ് അയാളുടെ മനുഷ്യാവതാരം കാണുന്നത്; ബാംഗ്ലൂര്‍ സൂപ്പര്‍ താരത്തെക്കുറിച്ച് ആകാശ് ചോപ്ര
ഡിവില്ലിയേഴ്സിന്‍റെ പ്രകടനം കാണുമ്പോള്‍ അദ്ദേഹം സൂപ്പര്‍ മാന്‍ ആണെന്ന് തോന്നാറുണ്ട്. എന്നാല്‍ ഇപ്പോഴാണ് അദ്ദേഹത്തെ ഒരു മനുഷ്യനായി കണക്കാക്കാന്‍ പറ്റുന്നത്. ഫോം നഷ്ടമായതുകൊണ്ടാകാം അദ്ദേഹത്തെ ഇപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമതൊക്കെ ബാഗ്ലൂര്‍ ഇറക്കുന്നത്.
ദുബായ്: ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) സൂപ്പര്‍ മാനാണ് എ ബി ഡിവില്ലിയേഴ്സ്(AB de Villiers). അസാധ്യമെന്നൊന്ന് ഡിവില്ലിയേഴ്സിന് മുന്നിലില്ല. ഡിവില്ലിയേഴ്സ് ക്രീസിലുണ്ടെങ്കില്‍ അവസാന പന്തുവരെ ബാംഗ്ലൂര്‍ തോറ്റെന്ന് പറയാന്‍ എതിരാളികള്‍ പോലും മടിക്കും. എന്നാല്‍ ഐപിഎല്ലിന്‍റെ രണ്ടാം പാദത്തില്‍ ഡിവില്ലിയേഴ്സില്‍ നിന്ന് ശരാശരി പ്രകടനം മാത്രമാണ് ആരാധകര്‍ കണ്ടത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അവസാന ഓവറില്‍ ക്രീസിലുണ്ടായിട്ടും ടീമിനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ ഡിവില്ലിയേഴ്സ് പരാജായപ്പെടുകയും ചെയ്തു. ഐപിഎല്ലിന്‍റെ രണ്ടാംഘട്ടിത്തില്‍ 26 റണ്‍സ് മാത്രമാണ് ഡിവില്ലിയേഴ്സിന്‍റെ ഉയര്‍ന്ന സ്കോര്‍.
ഈ സാഹചര്യത്തില്‍ ഡിവില്ലിയേഴ്സ് എന്ന സൂപ്പര്‍മാന് പകരം ഡിവില്ലിയേഴ്സ് എന്ന മനുഷ്യനെ ഇപ്പോഴാണ് കാണുന്നതെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഫോം നഷ്ടമായതാണ് ഡിവില്ലിയേഴ്സിനെ ബാറ്റിംഗ് ഓര്‍ഡറില്‍ ആറാം നമ്പറില്‍ ഇറക്കാന്‍ ബാംഗ്ലൂരിനെ നിര്‍ബന്ധിതരാക്കിയതെന്നും ചോപ്ര പറയുന്നു. ഒറ്റ ഇന്നിംഗ്സ് കൊണ്ട് കളിയുടെ ഗതി മാറ്റി മറിക്കാന്‍ കഴിവുളള ഡിവില്ലിയേഴ്സിന്‍റെ ആത്മവിശ്വാസത്തില്‍ ഇപ്പോള്‍ കുറവുണ്ടായിട്ടുണ്ടെന്ന് ചോപ്ര പറയുന്നു.
ഡിവില്ലിയേഴ്സിന്‍റെ പ്രകടനം കാണുമ്പോള്‍ അദ്ദേഹം സൂപ്പര്‍ മാന്‍ ആണെന്ന് തോന്നാറുണ്ട്. എന്നാല്‍ ഇപ്പോഴാണ് അദ്ദേഹത്തെ ഒരു മനുഷ്യനായി കണക്കാക്കാന്‍ പറ്റുന്നത്. ഫോം നഷ്ടമായതുകൊണ്ടാകാം അദ്ദേഹത്തെ ഇപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമതൊക്കെ ബാഗ്ലൂര്‍ ഇറക്കുന്നത്. എന്നാല്‍ ആറാം സ്ഥാനത്ത് ഇറങ്ങിയിട്ട് എങ്ങനെയാണ് അദ്ദേഹം ഫോമിലാവുക. ഫോമിലാണെങ്കിലും അല്ലെങ്കിലും ഒറ്റ ഇന്നിംഗ്സ് കൊണ്ട് കളി മാറ്റി മറിക്കാന്‍ അദ്ദേഹത്തിനാവും. എങ്കിലും കരിയറില്‍ ഇതാദ്യമായിട്ടായിരിക്കും ഡിവില്ലിയേഴ്സിനെ ആരാധകര്‍ മനുഷ്യാവതാരത്തില്‍ കാണുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഡിവില്ലിയേഴ്സിന്‍റെ ഫോം നഷ്ടം നികത്തുന്ന പ്രകടനമാണ് ഗ്ലെന്‍ മാക്സ്‌വെല്‍ പുറത്തെടുക്കുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു. ഈ സീസണിലെ ആര്‍സിബിയുടെ ഏറ്റവും വലിയ നേട്ടമാണ് മാക്സ്‌വെല്ലിന്‍റെ പ്രകടനം. ആറ് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 498 റണ്‍സാണ് മാക്സ്‌വെല്‍ ഈ സീസണില്‍ അടിച്ചെടുത്തത്. ഇത് കാണുമ്പോള്‍ അദ്ദേഹത്തെ ഗ്ലെന്‍ കണ്‍സിസ്റ്റന്‍റ് മാക്സ്‌വെല്‍ എന്ന് വിളിക്കാന്‍ തോന്നുന്നു. ഒരിക്കലും അദ്ദേഹത്തെ അങ്ങനെ വിളിക്കാന്‍ പറ്റുമെന്ന് താന്‍ കരുതിയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.