'വോണും ദ്രാവിഡും ഇരുന്ന ബഞ്ചിലാണ് സഞ്ജുവും, കളിക്കാനും കളിപ്പിക്കാനും അറിയാം'; റൈഫി സംസാരിക്കുന്നു
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരവും സഞ്ജുവിന്റെ മെന്ററുമായ റൈഫി വിന്‍സന്റ് ഗോമസ്. ഇരുവരും ഒരുമിച്ച് കേരളത്തിനും കളിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയസിന്റെ ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയുണ്ട്. ടീമിനെ നയിക്കാനുള്ള ശേഷി സഞ്ജുവിനില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. ക്യാപ്റ്റന്‍സി സഞ്ജുവിന്റെ ബാറ്റിങ്ങിനെ ബാധിക്കുമെന്ന് മറ്റുചിലര്‍. ഇതിനുള്ള മറുപടി പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു നില്‍കി. മത്സരത്തിലുടനീളം ശാന്തനായിരുന്നു സഞ്ജു. സെഞ്ചുറി നേടിയപ്പോള്‍ പോലും സഞ്ജു അമിത ആഘോഷമൊന്നും കാണിച്ചില്ല. ഇപ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരവും സഞ്ജുവിന്റെ മെന്ററുമായ റൈഫി വിന്‍സന്റ് ഗോമസ്. ഇരുവരും ഒരുമിച്ച് കേരളത്തിനും കളിച്ചിട്ടുണ്ട്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റൈഫി.
റൈഫിയുടെ വാക്കുകള്‍... ''ടീമിനെ നയിക്കാനുള്ള കഴിവ് സഞ്ജുവിന് ജന്മസിദ്ധമായി ലഭിച്ചതാണ്. അതൊരു പുതിയ കാര്യമല്ല. താരങ്ങളെ പിന്തുണക്കുന്നതിന് സഞ്ജു പലപ്പോഴും മുന്‍ഗണന നല്‍കാറുണ്ട്. താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആത്മവിശ്വാസം നല്‍കാറുണ്ട്. പഞ്ചാബിനെതിരെ പുറത്തെടുത്ത പ്രകടനം പോലെ മുന്നില്‍ നിന്ന് നയിക്കാനും കഴിയാറുണ്ട്. മത്സരത്തിലുടനീലം ശാന്തനായിരുന്നു സഞ്ജു. ഈ പക്വതയും ശാന്തതയും വന്നുചേര്‍ന്നത് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്നാണ്. ഇരുവര്‍ക്കുമൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ സഞ്ജുവിന് സമയം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരുമൊത്തുള്ള അനുഭവത്തില്‍ നിന്നാണ് ഈ ഗുണങ്ങള്‍ ലഭിച്ചത്.
മാനസിക സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ പോലും സഞ്ജു ശാന്തനായിരിക്കും. എതിര്‍ടീം വലിയ സ്‌കോര്‍ നേടുമ്പോള്‍ തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സഞ്ജു വിട്ടുമാറാറില്ല. ആ സാഹചര്യം നന്നായി കൈകാര്യം ചെയ്യാന്‍ സഞ്ജുവിനറിയാം. 20 ഓവര്‍ വിക്കറ്റ് കീപ്പറായ ശേഷം ബാറ്റേന്തിയ സഞ്ജു വലിയ സ്‌കോര്‍ പിന്തുടര്‍ന്നു. എത്രത്തോളം ഊര്‍ജ്ജം ബാക്കിയുണ്ടെന്ന് സഞ്ജു തെളിയിക്കുകയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ പരിക്കുമായാണ് സഞ്ജു കളിച്ചത്. എന്നിട്ടും ചില പ്രധാന ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഞ്ജുവിനായി. റയില്‍വേസിനെതിരെ നേടിയ 29 പന്തില്‍ 61 റണ്‍സ് എടുത്തുപറയേണ്ടതാണ്. നോക്ക്ഔട്ടില്‍ നിന്ന് വിട്ടുനിന്നതും ഈ പരിക്കിന്റെ പുറത്തായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ സഞ്ജു വീട്ടില്‍ ആവശ്യമനുസരിച്ച് വിശ്രമിക്കുകയും ചെയ്തു.'' റൈഫി പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടാനുള്ള കാരണത്തെ കുറിച്ചും റൈഫി സംസാരിച്ചു. ''ഇന്ത്യക്ക് വേണ്ടി മധ്യ ഓവറുകളിലാണ് സഞ്ജു കൂടുതലും കളിച്ചത്. രണ്ട് തവണ ഓപ്പണറായെങ്കിലും മൂന്ന് തവണ നാലാം നമ്പറിലാണ് കളിച്ചത്. ഒരു തവണ മൂന്നാം സ്ഥാനത്തും. ടി20 അരങ്ങേറ്റ മത്സരത്തില്‍ ഏഴാം നമ്പറിലാണ് സഞ്ജു കളിച്ചത്. മധ്യ ഓവറുകളില്‍ ടീം കൂടുതല്‍ റണ്‍സ് ആവശ്യപ്പെടും. ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ കളിക്കുന്നത് പോലുള്ള ഇന്നിങ്‌സാണ് ടീം ആവശ്യപ്പെടുക. മറ്റൊരു ഉദാഹരണം ദീപക് ഹൂഡ രാജസ്ഥാനെതിരെ തന്നെ കളിച്ച ഇന്നിങ്‌സാണ്. അത്തരമൊരു റോള്‍ കളിക്കാനാണ് സഞ്ജുവും ശ്രമിച്ചത്. പരിക്ക് കാരണമാണ് സഞ്ജുവിന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിക്കാതെ പോയത്. എന്നാല്‍ അധികം വൈകാതെ ടീമില്‍ തിരിച്ചെത്തും.
ഇന്നലെ സഞ്ജുവിന്റെ ക്യാപറ്റന്‍സിയും മനോഹരമായിരുന്നു. ക്രിസ് ഗെയ്ല്‍ അടിച്ചുതകര്‍ക്കുമ്പോഴാണ് റിയാന്‍ പരാഗിനെ പന്തെറിയാന്‍ കൊണ്ടുവന്നത്. ഗെയ്ല്‍ ആ ഓവറില്‍ പുറത്താവുകയും ചെയ്തു. ബൗളര്‍മാരെ ഉപയോഗിക്കാന്‍ സഞ്ജുവിന് നന്നായി അറിയാം. ഫീല്‍ഡര്‍മാരെ നിര്‍ത്തിയതും ഗംഭീരമായിരുന്നു.'' റൈഫി പറഞ്ഞുനിര്‍ത്തി.
അണ്ടര്‍ 19 ഇന്ത്യന്‍ ടീം, കേരള ടീം എന്നിവരെ കൂടാതെ ഐപിഎല്ലിന്റേയും ഭാഗമായിട്ടുണ്ട് റൈഫി. കൊച്ചി ടസ്‌ക്കേഴ്‌സ്, പൂനൈ വാരിയേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കൊപ്പമുണ്ടായിരുന്നു റൈഫി.