അവസാന പന്തില്‍ സിക്സടിച്ച് സെഞ്ചുറി, ഓറഞ്ച് ക്യാപ്; റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് റുതുരാജ് ഗെയ്‌ക്‌വാദ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 പന്തില്‍ തന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറി നേടിയ ഗെയ്ക്‌‌വാദ് സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതിനൊപ്പം ഒരു പിടി റെക്കോര്‍ഡുകളും സ്വന്തം പേരില്‍ ചേര്‍ത്തു.

IPL 2021: Ruturaj Gaikwad scores maiden IPL century nd creates this record

അബുദാബി: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ(Chennai Super Kings) ബാറ്റിംഗ് നട്ടെല്ലാണ് റുതുരാജ് ഗെയ്ക്‌‌വാദ്(Ruturaj Gaikwad). കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ പോലുമെത്താതെ പുറത്തായ ചെന്നൈയ്ക്ക് ഇത്തവണ ഒന്നാം സ്ഥാനത്താക്കാരായി പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കുന്നതില്‍ ഗെയ്ക്‌‌വാദിനും സഹ ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിക്കും ചെറുതല്ലാത്ത പങ്കുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 പന്തില്‍ തന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറി നേടിയ ഗെയ്ക്‌‌വാദ് സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതിനൊപ്പം ഒരു പിടി റെക്കോര്‍ഡുകളും സ്വന്തം പേരില്‍ ചേര്‍ത്തു. 12 മത്സരങ്ങളില്‍ 508 റണ്‍സുമായാണ് ഗെയ്ക്‌‌വാദ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും നേടിയ ഗെയ്ക്‌‌വാദ് 50.80 ശരാശരിയില്‍ 140.33 പ്രഹരശേഷിയിലാണ് 508 റണ്‍സടിച്ചത്.

വെറും 18 ഇന്നിംഗ്സില്‍ ഐപിഎല്ലില്‍ 700 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് റുതുരാജ് ഗെയ്ക്‌‌വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ ബാറ്ററാണ് ഗെയ്ക്‌‌വാദ്. ചെന്നൈ കുപ്പായത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററും(24 വയസും 244 ദിവസവും) ഗെയ്ക്‌‌വാദ് തന്നെയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പിറക്കുന്ന ഏഴാമത്തെ സെഞ്ചുറിയാണിത്. രാജസ്ഥാനെതിരെ ചെന്നൈ താരം നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണ് ഗെയ്ക്‌‌വാദ് ഇന്ന് സ്വന്തമാക്കിയത്.

ഷെയ്ന്‍ വാട്സണ്‍(20180, മുരളി വിജയ്(2010) എന്നിവരാണ് ഗെയ്ക്‌‌വാദിന് മുമ്പ് രാജസ്ഥാനെതിരെ സെഞ്ചുറി നേടിയ ചെന്നൈ താരങ്ങള്‍. ഇന്ന് അവസാന പന്ത് വരെ സെഞ്ചുറിയിലെത്തുമോ എന്ന സസ്പെന്‍സിനൊടുവിലാണ് ഗെയ്ക്‌‌വാദ് മുസ്തഫിസുര്‍ റഹ്മാന്‍റെ അവസാന പന്തില്‍ പടുകൂറ്റന്‍ സിക്സ് പായിച്ച് സെഞ്ചുരിയിലേക്കെത്തിയത്. പതിനെട്ടാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 93 റണ്‍സിലെത്തിയെങ്കിലും പിന്നീടുള്ള 12 പന്തുകളില്‍ മൂന്നെണ്ണം മാത്രമാണ് ഗെയ്ക്‌‌വാദിന് കളിക്കാന്‍ ലഭിച്ചത്.

ഇതില്‍ പത്തൊമ്പതാം ഓവരിലെ അവസാന പന്തില്‍ രണ്ട് റണ്‍സടിച്ച ഗെയ്ക്‌‌വാദ് 95ല്‍ എത്തി. ഇരുപതാം ഓവറിലെ ആദ്യ നാലു പന്തും ജഡേജയാണ് നേരിട്ടത്. അഞ്ചാം പന്ത് ബൗണ്‍സറെറിഞ്ഞ് മുസ്തഫിസുര്‍ ഗെയ്ക്‌‌വാദിന് അര്‍ഹിച്ച സെഞ്ചുറി നിഷേധിക്കുമെന്ന് കരുതിയെങ്കിലും അവസാന പന്തില്‍ സിക്സ് പറത്തി ഗെയ്ക്‌‌വാദ് സെഞ്ചുറിയിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios